ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ‘അമ്മ കാന്റീനുകൾ’ നവീകരിക്കാനും ആധുനികവത്കരിക്കാനും നിർദേശം നൽകി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തുടനീളമുള്ള കാന്റീനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനമായ 2013 ഫെബ്രുവരി 24-നാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. അണികൾ സ്നേഹത്തോടെ ‘അമ്മ’ എന്ന് വിളിച്ചിരുന്ന ജയലളിതയുടെ പേരിലുള്ള ഈ പദ്ധതി ആദ്യം ചെന്നൈയിലാണ് ആരംഭിച്ചത്. പിന്നീട് മറ്റ് നഗരങ്ങളിലേക്കും ടൗണുകളിലേക്കും വ്യാപിപ്പിച്ചു. സാധാരണക്കാർക്ക് വളരെ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കിയിരുന്ന ഈ പദ്ധതി ചുരുങ്ങിയ കാലം കൊണ്ട് വലിയ ജനപ്രീതി നേടിയിരുന്നു.2021-ൽ എഐഎഡിഎംകെയുടെ രാഷ്ട്രീയ എതിരാളികളായ ഡിഎംകെ അധികാരത്തിൽ വന്നപ്പോഴും ഈ പദ്ധതി നിർത്തലാക്കുകയോ പേര് മാറ്റുകയോ ചെയ്തിരുന്നില്ല. പകരം, അർധ നഗരപ്രദേശങ്ങളിലായി 200 കാന്റീനുകൾ കൂടി പുതുതായി ആരംഭിക്കുമെന്ന് ഡിഎംകെ സർക്കാർ പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതേ മാതൃകയാണ് പുതിയ മുഖ്യമന്ത്രി വിജയിയും പിന്തുടരുന്നത്.
‘അമ്മ കാന്റീനുകൾ’ നവീകരിക്കാനും ആധുനികവത്കരിക്കാനും നിർദേശം നൽകി മുഖ്യമന്ത്രി വിജയ്
