ചെന്നൈ: ശരീരം തളര്‍ന്ന് വീല്‍ചെയറിലായ എഴുപത്തൊന്നുക്കാരിയായ അമ്മയെ സ്വന്തം മകന്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലുള്ള മനവൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് നാടിനെയാകെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ശരീരത്തില്‍ വേദനാജനകമായ മുഴകള്‍ രൂപപ്പെടുന്ന ന്യൂറോ ഫൈബ്രോമാറ്റോസിസ് എന്ന അപൂര്‍വ്വ അസുഖബാധിതയായിരുന്നു എസ്. പദ്മാവതി (71). രോഗവും വാര്‍ദ്ധക്യവും തളര്‍ത്തിയ അവരെ പരിചരിക്കാനും സംരക്ഷിക്കാനും മടിച്ചാണ് ഇളയ മകനായ പാര്‍ഥസാരഥി (44) പെറ്റമ്മയോട് ഈ ക്രൂരത കാട്ടിയത്.സന്ധ്യയ്ക്ക് ഏഴുമണിയോടെ സ്റ്റോപ്പില്ലാത്ത യേലഗിരി എക്‌സ്പ്രസ് പാഞ്ഞെത്തിയ നിമിഷം, തണലാകേണ്ട മകന്റെ കൈകള്‍ അമ്മയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ പ്രാണന്‍ അവിടെ പൊലിഞ്ഞു. ആരും കാണാതെ ഇരുട്ടിലേക്ക് ഓടിമറയാമെന്ന് പാര്‍ഥസാരഥി കരുതിയെങ്കിലും, റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകള്‍ ഈ ക്രൂരത കൃത്യമായി പകര്‍ത്തിയിരുന്നു. പൊലീസിന്റെ തിരച്ചിലിനൊടുവില്‍ ഇയാള്‍ പിടിയിലായി.
രോഗിയായ അമ്മയെ മകന്‍ വീല്‍ചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി
