പത്തനംതിട്ട: ശബരിമലയിലെ ആദ്യ ആറ് ദിവസത്തെ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.38 ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ കുറഞ്ഞത്. അപ്പം അരവണ വില്‍പ്പന, അന്നദാനഫണ്ട് എന്നിവയിലും വന്‍ കുറവുണ്ടായിട്ടുണ്ട്. 2025ല്‍ നട തുറന്ന ശേഷമുള്ള ആദ്യ ആറ് ദിവസം എത്തിയത് 5.10 ലക്ഷം പേരാണ്. ഇത്തവണ അത് 2.71 ലക്ഷമായി കുറഞ്ഞു. തീര്‍ഥാടകരുടെ എണ്ണത്തില്‍ 47 ശതമാനം കുറവാണുണ്ടായത്. ഞായറാഴ്ച ദര്‍ശനം നടത്തിയത് 60,003 പേര്‍ മാത്രമാണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നടതുറന്ന വൃശ്ചികം ഒന്നിന് തന്നെ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആറ് ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ ഭീമമായ ഇടിവ് ശ്രദ്ധേയമാകുന്നത്. ആദ്യ ദിവസങ്ങളില്‍ 30,000 പേര്‍ മാത്രമാണ് ശബരിമലയിലെത്തിയതെന്നും റിപോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷം 5.10 ലക്ഷം പേര്‍ എത്തിയപ്പോള്‍ ഇത്തവണ എത്തിയത് 2.71 ലക്ഷം പേര്‍ മാത്രമാണ്. അതായത് തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായത് 47 ശതമാനം കുറവാണ്. ശബരിമലയില്‍ ഇന്ന് രാവിലെ ആറു മണിവരെ ദര്‍ശനം നടത്തിയത് 15,105 പേരാണ്. വൃശ്ചികം ഒന്നിന് കഴിഞ്ഞ വര്‍ഷം 1.3 ലക്ഷം പേര്‍ എത്തിയപ്പോള്‍ ഇത്തവണ എത്തിയത് 38,000 പേര്‍ മാത്രമാണ്. അതേസമയം ഭക്തരുടെ എണ്ണത്തില്‍ ആശങ്കപ്പെടത്തക്കവിധം കുറവുണ്ടായിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പ്രതികരിച്ചത്. സീസണില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ നേരിയ കുറവുണ്ടായെങ്കിലും നിലവില്‍ കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. ഭക്തരെ ശാസ്ത്രീയമായി നിയന്ത്രിച്ച് പമ്പയില്‍ നിന്ന് കയറ്റിവിടുന്നതും കെഎസ്ആര്‍ടിസിയുമായുള്ള ഫലപ്രദമായ ഏകോപനവുമാണ് സന്നിധാനത്തു പതിവുള്ള വന്‍തിരക്ക് കുറയാന്‍ കാരണം. ഇതുമൂലം എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നടത്താന്‍ കഴിയുന്നുണ്ടെന്നും കെ ജയകുമാര്‍ പറഞ്ഞു. അരവണ വില്‍പ്പനയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 18 ലക്ഷം ടിന്‍ അരവണ വിറ്റ സ്ഥാനത്ത് ഇക്കുറി ഒന്‍പത് ലക്ഷം മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ ഇടിവാണുണ്ടായത്. അരവണ വില്‍പനയില്‍ കുറഞ്ഞ് ഒന്‍പത് കോടിയോളമാണ്. ആദ്യ ആറു ദിവസത്തെ കണക്കാണിത്. നിലവില്‍ 40 ഡപ്പി അരവണ കരുതല്‍ ശേഖരത്തിലുണ്ട്. ഭക്തരുടെ എണ്ണത്തിലെ കുറവാണ് അരവണ വില്‍പ്പനയെയും ബാധിച്ചതെന്നാണ് ദേവസ്വം ജീവനക്കാര്‍ പറയുന്നു.
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.38 ലക്ഷം തീര്‍ഥാടകരാണ് കുറഞ്ഞത് ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍
