അഞ്ചു പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര-ടെലിവിഷൻ മേഖലയിൽ നിറസാന്നിധ്യമായ മുതിർന്ന നടി മല്ലിക സുകുമാരന് നാലാമത് ഇന്റർനാഷണൽ പുലരി ടിവി അവാർഡിന്റെ ഭാഗമായി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. ചലച്ചിത്ര സംവിധായകനും പുലരി ടിവിയുടെ മുൻ പ്രോഗ്രാം ഹെഡുമായിരുന്ന ജോളിമസ്സിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ‘ജോളിമസ് മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനാണ്’ മല്ലിക സുകുമാരൻ അർഹയായത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനും അവാർഡ് ജൂറി ചെയർമാനുമായ ടി.എസ്. സുരേഷ് ബാബുവാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ചലച്ചിത്ര-ടെലിവിഷൻ രംഗത്ത് അഞ്ചു പതിറ്റാണ്ടിലേറെയായി നൽകിയ ശ്രദ്ധേയമായ സംഭാവനകളും വ്യക്തിജീവിതത്തിലെ അസാധാരണമായ പോരാട്ടങ്ങളും പരിഗണിച്ചാണ് മല്ലിക സുകുമാരനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു.
മറ്റ് ചലച്ചിത്ര പുരസ്കാരങ്ങൾ
മികച്ച ചിത്രങ്ങളായി ‘കല്യാണമരം’, ‘മലവഴി’ എന്നീ സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകരായി ‘കല്യാണമരം’ ഒരുക്കിയ രാജേഷ് അമനകരയും ‘പാരാനോർമൽ പ്രൊജക്ട്’ സംവിധാനം ചെയ്ത എസ്.എസ്. ജിഷ്ണുദേവും അർഹരായി.
മികച്ച നവാഗത സംവിധായകരായി ‘സ്വപ്നസുന്ദരി’യുടെ ഫിലിപ്പ് കെ.ജെ., ‘ക്രിസ്റ്റീന’യുടെ സുദർശനൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
‘ഒടിയങ്കം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ശ്രീജിത്ത് പണിക്കർ മികച്ച നടനായും, ‘എ പ്രഗ്നന്റ് വിഡോ’എന്ന ചിത്രത്തിലെ അഭിനയത്തിന് ടിങ്കിൾ ജോബി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ‘കല്യാണമരം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും നേടി.
ടെലിവിഷൻ പുരസ്കാരങ്ങൾ
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘ഇവർ വിവാഹിതരായാൽ’ ജനപ്രിയ സീരിയലായും ഫ്ലവേഴ്സിലെ ‘മഹാലക്ഷ്മി’ മികച്ച സീരിയലായും തിരഞ്ഞെടുക്കപ്പെട്ടു.
‘ഇവർ വിവാഹിതരായാൽ’, ‘പെയ്തൊഴിയാതെ’ എന്നീ പരമ്പരകളുടെ സംവിധാനത്തിന് ജിതേഷ് കരുണാകരൻ മികച്ച സംവിധായകനായി.
‘തേന്മാവിൻ കൊമ്പത്ത്’ എന്ന പരമ്പരയിലെ അഭിനയത്തിന് പ്രയാൺ വിഷ്ണു മികച്ച നടനായും, ‘ഇവർ വിവാഹിതരായാൽ’ എന്ന പരമ്പരയിലെ പ്രകടനത്തിന് മാളവിക വെയിൽസ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സ്വഭാവ നടനായി ജയകുമാറിനെയും മികച്ച സ്വഭാവ നടിയായി മഞ്ജു പത്രോസിനെയും തിരഞ്ഞെടുത്തു. ‘ഇവർ വിവാഹിതരായാൽ’, ‘ടീച്ചറമ്മ’ എന്നീ പരമ്പരകളിലെ പ്രകടനമാണ് ജയകുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
വാർത്താസമ്മേളനത്തിൽ ടി.എസ്. സുരേഷ് ബാബുവിനൊപ്പം സി.വി. പ്രേംകുമാർ, സിത്താര ബാലകൃഷ്ണൻ, അജയ് തുണ്ടത്തിൽ, ജിട്രസ് ജോഹന്നാൻ എന്നിവരും പങ്കെടുത്തു.
ഡിസംബർ 6-ന് പുരസ്കാര വിതരണം
നാലാമത് ഇന്റർനാഷണൽ പുലരി ടിവി അവാർഡുകളുടെ വിതരണച്ചടങ്ങ് ഡിസംബർ 6-ന് തിരുവനന്തപുരത്തെ അജന്ത തിയേറ്ററിൽ നടക്കും. ചടങ്ങിൽ ചലച്ചിത്ര-ടെലിവിഷൻ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
മല്ലിക സുകുമാരന് പുലരി ടിവിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്;
