മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം

വിഴിഞ്ഞം തുറമുഖ നിർമ്മാണം: മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം – ജനാവകാശ സംരക്ഷണ സമിതി
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നേരിടുന്ന കടുത്ത പ്രതിസന്ധികളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജനവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ മത്സ്യങ്ങളുടെ പ്രധാന പ്രജനന സമയമാണ്. എന്നാൽ ഈ സമയത്ത് കടലിൽ തുടർച്ചയായി നടക്കുന്ന ഡ്രെഡ്ജിങ് കാരണം തീരത്തെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ തുറമുഖ നിർമ്മാണം കാരണം കടലിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്.
മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന തൊഴിലാളികളെ വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് ഭീഷണിപ്പെടുത്തുകയും തുരത്തുകയും ചെയ്യുന്ന ക്രൂരമായ സമീപനമാണ് ഉണ്ടാകുന്നത്. ഇത് തീരദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവനോപാധിയെ പൂർണ്ണമായി തകർക്കുന്നതാണെന്ന് സമിതി കുറ്റപ്പെടുത്തി. കടലിനെയും കടൽത്തീരത്തെയും ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലും സംരക്ഷിക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.
ജനവകാശ സംരക്ഷണ സമിതി പ്രസിഡന്റ് ജെറോംദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സമിതി സെക്രട്ടറി എ കെ ഹരികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗത്തിൽ ട്രഷറർ എസ്. വി. അനിൽകുമാർ, ദീപു ജി. എസ്, അഭിലാഷ് എസ്. വി, ബി. ഏലിയാസ്, പുല്ലുവിള അമല ഷാജി, ചൊവ്വര രാജൻ, ഹൈസന്ദ് ലൂയിസ് അടിമലത്തുറ ഡി. ക്രിസ്തുദാസ്, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *