കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവുംഎം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡുദാനവും 2026 ജൂലൈ 10 ന് നടത്തുന്നു

കടുത്തുരുത്തി: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ അക്കാദമികളുടെയും പുരസ്‌കാരങ്ങളും അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുള്ള പ്രഗത്ഭരായ വ്യക്തികളെയും ഉന്നത സാമൂഹ്യാംഗീകാരം നേടിയ വ്യക്തികളെയും കലാ-കായിക-സാഹിത്യ-രംഗങ്ങളില്‍ പ്രാവിണ്യം നേടിയ ശ്രദ്ധേയരായവരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡുദാന സമ്മേളനവും 2026 ജൂലൈ 10 വെള്ളി ഉച്ചകഴിഞ്ഞ് 3 മണിക്ക് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണ്. പ്രോഗ്രാം വിജയകരമായി നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി സംഘാടകസമിതി അറിയിച്ചു.
പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനം കേരള ജലവിഭവ & ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് നിര്‍വ്വഹിക്കുന്നതാണ്. കോട്ടയം ജില്ലാ കളക്ടര്‍ ചേതൻകുമാർ മീണ ഐ.എ.എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. മുഖ്യപ്രഭാഷണം നിർവഹിക്കും.കുടുംബശ്രീ സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടർ വിഘ്നേശ്വരി ഐ.എ.എസ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ. എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ് മുഖ്യപ്രഭാഷണം നിർവഹിക്കും, കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഐ.പി.എസ്, ബ്രില്യൻറ് സ്റ്റഡി സെൻറർ ഡയറക്ടർ ജോർജ് തോമസ്, മലയാളസിനിമാരംഗത്തെ പ്രമുഖരായ സൗബിൻ ഷാഹിർ,നവ്യ നായർ, ദിലീഷ് പോത്തൻ എന്നിവരാണ് മുഖ്യാതിഥികളായി പങ്കെടുക്കുന്നത്.
യൂണിവേഴ്‌സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍, വിവിധ മത്സരപരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍, എസ്.എസ്.എല്‍.സി. – ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകള്‍ എന്നിവര്‍ക്ക് ചടങ്ങില്‍ എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ് നല്‍കി അനുമോദിക്കുന്നതാണ്. വിദ്യാര്‍ത്ഥിപ്രതിഭകളെയും വിവിധ രംഗങ്ങളിലെ പ്രഗത്ഭരെയും ഉള്‍പ്പെടുത്തി 1500 ലധികംപേരെ ഒരേ വേദിയിൽ ആദരിക്കുന്നതിനാണ് സംഘാടകസമിതി ക്രമീകരണം ചെയ്തിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിജയം എല്ലാ വര്‍ഷവും സമ്മാനിക്കുന്ന പാലാ ബ്രില്ല്യന്റ് ഡയറക്ടര്‍ ജോര്‍ജ്ജ് തോമസ്, പ്രമുഖ സിനിമാ നിർമ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഏഷ്യാനെറ്റ് ബിഗ്‌ബോസ് ഫെയിം അര്‍ജ്ജുന്‍ ശ്യാംഗോപന്‍, മിസ് ക്വീന്‍ ഓഫ് ഇന്ത്യ 2024 മിസ് ഹര്‍ഷ ശ്രീകാന്ത്, പ്രമുഖ പിന്നണി ഗായിക മിസ് മരിയ മാത്യു കോലടി എന്നിവര്‍ക്ക് പ്രതിഭാപുരസ്‌കാരം ചടങ്ങിൽവെച്ച് മന്ത്രി മോൻസ് ജോസഫ് സമ്മാനിക്കുന്നതാണ്.
25 വർഷമായി കടുത്തുരുത്തി അസംബ്ലി മണ്ഡലാടിസ്ഥാനത്തിൽ നടന്നുവരുന്ന പ്രതിഭാസംഗമവും എംഎൽഎ എക്സലൻസ് അവാർഡ് ദാനവും സംസ്ഥാനത്ത് ഏറ്റവും വിപുലമായ തോതിൽ നടക്കുന്ന പ്രതിഭാസംഗമമായിട്ടാണ് യാഥാർത്ഥ്യമാകുന്നത്.
കടുത്തുരുത്തിയില്‍ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ആയി നിയമിതനായ അനീഷ് എം.ഡി, ശ്രീലങ്കയ്ക്കെതിരേ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ബധിര ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുകന്യ, ദേശീയ – സംസ്ഥാന ക്ഷീരകര്‍ഷക അവാര്‍ഡ് ജേതാവ് വിധു രാജീവ്, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ അശോക് കുമാർ, വി എം ജയ്മോൻ, കെ.എം ശ്രീലതമ്മാൾ, ഉസ്ബെക്കിസ്ഥാനിലെ ഏഷ്യൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കീർത്തന,മിസ് സൗത്ത് ഇന്ത്യ ചിത്ര റെജിൻ, ബർലിനിൽ നടന്ന വേർഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ ഇന്ത്യൻ നീന്തൽ ടീമിൻ്റെ അസിസ്റ്റൻ്റ് കോച്ചായി സേവനമനുഷ്ഠിച്ച ഡോ. മാത്യൂസ് എബ്രഹാം എന്നിവര്‍ക്ക് സ്‌പെഷ്യല്‍ അവാര്‍ഡുകള്‍ സമര്‍പ്പിക്കുന്നതാണ്. ഇതുകൂടാതെ തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ക്കും എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *