മുഖ്യമന്ത്രി വി ഡി സതീശനെതിരെ പാർട്ടിക്കുള്ളിലെ പോര് കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ. നേരത്തെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കേന്ദ്രനേതൃത്വത്തിന് മുന്നിൽ പരാതി നൽകിയിരുന്നു. എന്നാൽ സംഘടിതമായി എ ഗ്രൂപ്പിൻ്റെത് നിർണ്ണായകനീക്കമാണ്. പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നുവെന്നും നിലവിലെ രീതിയിലുള്ള പോക്ക് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് എ ഗ്രൂപ്പ് നേതാക്കൾ ദില്ലിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ നേരിൽ കണ്ട് പരാതി അറിയിച്ചത്. ഗ്രൂപ്പ് എന്ന നിലയിൽ ഹൈക്കമാൻഡിന് നൽകുന്ന ആദ്യ പരാതിയാണിത്. ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, ഷാഫി പറമ്പിൽ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് മുന്നിൽ അതൃപ്തി വ്യക്തമാക്കിയത്.
പാർട്ടിയും സർക്കാരും തമ്മിൽ കൃത്യമായ ഏകോപനമില്ല, പല പ്രധാന തീരുമാനങ്ങളും കെ.പി.സി.സി അധ്യക്ഷൻ പോലും അറിയുന്നില്ല, പരാതി ഇങ്ങനെ നീളുന്നു. പി.എസ്.സി, ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കണമെന്നും, അതിന് സാധിക്കുന്നില്ലെങ്കിൽ ബോർഡ്-കോർപറേഷൻ നിയമനങ്ങളുടെ ചർച്ചകൾക്കായി പ്രത്യേക സമിതി രൂപീകരിക്കണമെന്നുമാണ് എ ഗ്രൂപ്പിന്റെ പ്രധാന ആവശ്യം.
എന്നാൽ എ ഗ്രൂപ്പ് ആരോപണങ്ങൾ മന്ത്രി കെ മുരളീധരൻ തള്ളി. കേരളത്തിൽ എന്തോ ഭൂകമ്പം നടക്കുന്നു എന്ന വാർത്ത തെറ്റാണെന്ന് കെ മുരളീധരൻ പറഞ്ഞു. മന്ത്രിസഭയിൽ സമ്മർദ്ദമില്ല. പാർട്ടിയും ഗവൺമെന്റും ഒരുമിച്ചാണ് മുന്നോട്ടുപോകുന്നത്. പരാതിയുണ്ടെങ്കിൽ പറയേണ്ട ഇടത്ത് പറയാം. കോൺഗ്രസ് പ്രസിഡൻ്റിനെ ആർക്കുവേണമെങ്കിലും കാണാമെന്ന് കെ മുരളീധരൻ പറഞ്ഞു. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു ഗ്രൂപ്പിനെയും പാർട്ടി പ്രവർത്തകർ അംഗീകരിക്കില്ല. ഇനി ഗ്രൂപ്പിൻ്റെ പേരിൽ പ്രവർത്തകർ ഭിന്നിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. അങ്ങനെ ചെയ്യുന്നവർ ഒറ്റപ്പെടും. കെപിസിസി പുന സംഘടിപ്പിക്കുന്ന കാര്യം ദേശീയ നേതൃത്വം തീരുമാനിച്ചാൽ എന്താണ് കുഴപ്പമെന്നും അത് അപ്പോൾത്തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
