തകർന്നുതരിപ്പണമായി മേലഴുത റോഡ്; 15 വർഷമായി തിരിഞ്ഞുനോക്കാതെ അധികാരികൾ

പീരുമേട്: പീരുമേട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന മേലഴുത റോഡ് പൂർണ്ണമായും തകർന്ന നിലയിൽ. കഴിഞ്ഞ പത്തുപതിനഞ്ച് വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താതെ അധികൃതർ അവഗണിച്ചിരിക്കുകയാണ് ഈ റോഡിനെയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ദിവസേന നൂറുകണക്കിന് ആളുകളും സ്കൂൾ കുട്ടികളും കാൽനടയാത്രയ്ക്കായി ആശ്രയിക്കുന്ന പ്രധാന വഴിയാണിത്.
ഈ പ്രദേശത്തുള്ളവർക്ക് ആശുപത്രി ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും ടൗണിലേക്ക് എത്താനുള്ള ഏക ആശ്രയവും ഈ റോഡ് തന്നെയാണ്. എന്നാൽ കാൽനടയാത്ര പോലും അസാധ്യമാകുംവിധം റോഡിലെ ടാറിങ് പൂർണ്ണമായും തകർന്ന് വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലം കൂടിയായതോടെ വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് റോഡ് കൂടുതൽ അപകടാവസ്ഥയിലായിരിക്കുകയാണ്.
റോഡിന്റെ ഈ ദുരവസ്ഥ നേരിട്ടറിയാമെങ്കിലും ബന്ധപ്പെട്ട അധികാരികളെല്ലാം പൂർണ്ണമായും കണ്ണടയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഈ റോഡിന് ഒരു പുരോഗതിയും കൊണ്ടുവരാൻ ഇതുവരെ തയ്യാറായിട്ടില്ല.
വർഷങ്ങളായുള്ള തങ്ങളുടെ ദുരിതത്തിന് എത്രയും പെട്ടെന്ന് ഒരു ശാശ്വത പരിഹാരം വേണമെന്നും, തകർന്നുകിടക്കുന്ന റോഡിന്റെ പുനരുദ്ധാരണ ജോലികൾ അടിയന്തരമായി ആരംഭിക്കണമെന്നുമാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *