കുട്ടിക്കാനം എംബിസി കോളേജിൽ പുസ്‌തക പ്രകാശനം

പീരുമേട്: കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്‌ത്യൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (MBC) പ്രിൻസിപ്പലും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗം പ്രൊഫസറുമായ ഡോ. വി.ഐ. ജോർജ് രചിച്ച ‘കൺട്രോൾ സിസ്റ്റംസ്’ (Control Systems) എന്ന സാങ്കേതിക പുസ്‌തകത്തിന്റെ പ്രകാശനം നടക്കും. കോളേജിന്റെ പ്രസിഡന്റും മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, പുസ്‌തകത്തിന്റെ ആദ്യ കോപ്പി സാങ്കേതിക സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിസ തോമസിന് നൽകിക്കൊണ്ട് പ്രകാശനം നിർവഹിക്കും. അന്തർദേശീയ പ്രസാധകരായ ന്യൂഡൽഹിയിലെ നെറോസ പബ്ലിക്കേഷൻസ് ആണ് പുസ്‌തകം പുറത്തിറക്കിയിരിക്കുന്നത്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗം സീനിയർ പ്രൊഫസർ ഡോ. സിജി പേൾ കുര്യനാണ് പുസ്തകത്തിന്റെ സഹരചയിതാവ്. എംബിസി കോളേജ് 25 വർഷം പിന്നിട്ട് രജത ജൂബിലി നിറവിൽ നിൽക്കുന്ന വേളയിലാണ് ഈ പുസ്തക പ്രകാശനം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കൺട്രോൾ സിസ്റ്റംസ് എന്ന സാങ്കേതികശാസ്ത്രത്തിന്റെ ബാലപാഠങ്ങളും അടിസ്ഥാന തത്വങ്ങളും വിദ്യാർത്ഥികൾക്ക് ലളിതമായി പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ പ്രാഥമിക ലക്ഷ്യം. കണ്ടിന്യൂസ് ടൈം സിസ്റ്റം, ഡിസ്ക്രീറ്റ് ടൈം സിസ്റ്റം എന്നിവയുടെ സാങ്കേതിക വിദ്യകളും പ്രശ്നപരിഹാരത്തിനുള്ള സൂത്രവാക്യങ്ങളും ലീനിയർ – നോൺലീനിയർ സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട അനേകം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉദാഹരണസഹിതം ഇതിൽ വിശകലനം ചെയ്യുന്നുണ്ട്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ഒരുപോലെ ഉപകരിക്കുന്നതും പഠിതാക്കൾക്ക് സ്വയം പഠിക്കാൻ സഹായിക്കുന്നതുമായ രീതിയിലാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്.
അന്തർദേശീയ പ്രാധാന്യമുള്ള 75 സ്കോപ്പസ് (Scopus) പബ്ലിക്കേഷൻസുള്ള ഡോ. വി.ഐ. ജോർജ് മുൻപും അന്താരാഷ്ട്ര പ്രസാധകരായ സെൻഗേജ്, സ്പ്രിംഗർ നേച്ചർ എന്നിവരിലൂടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രകാശനവുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ കോളേജ് ഡയറക്ടർ ഡോ. ഉമ്മൻ മാമൻ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഏലിയാസ് ജാൻസൺ, ഡീൻ ഡോ. ഉമ്മൻ തരകൻ, പ്രിൻസിപ്പൽ ഡോ. വി.ഐ. ജോർജ്, പി.ആർ.ഒ. അമൽ പി. വർഗീസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *