ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹം എന്ന് കെപിസിസി. അറസ്റ്റിലായവർ ധർമ്മ സമരത്തിന് നേതൃത്വം നൽകിയവർ. ഇന്ന് വൈകുന്നേരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കെപിസിസി തീരുമാനം.
കേരളത്തിലെ മുഴുവൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒക്ടോബർ 7 ബുധനാഴ്ച വൈകുന്നേരം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു. ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി ധർമ്മസമരത്തിന് നേതൃത്വം നൽകിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
എട്ട് മണിക്കൂർ നീണ്ട രാജ്യതലസ്ഥാനത്തെ പ്രതിഷേധത്തിനൊടുവിൽ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്ത രാഹുൽ ഗാന്ധിയെയും നേതാക്കളെയും വിട്ടയച്ചു. ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധം തുടരുമെന്നു രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.
