കാഞ്ഞങ്ങാട്: പഠനത്തോടൊപ്പം അലങ്കാര മത്സ്യകൃഷിയിലൂടെ ജീവിത മാർഗം കണ്ടെത്തിയ കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ വിദ്യാർത്ഥിക്ക് കർഷക ദിനത്തിൽ ആദരം.സ്കൂളിലെ രണ്ടാം വർഷ വി എച്ച് എസ് ഇ വിദ്യാർത്ഥിയും എൻ എസ് എസ് വോളൻ്റിയറുമായ അക്ഷയ് കെ ആണ് ആറ് വർഷത്തോളമായി അലങ്കാര മത്സ്യകൃഷി നടത്തുന്നത്. ചെറിയ വരുമാനം ലക്ഷ്യമിട്ട് തുടങ്ങിയ ഈ സംരംഭം ഇന്ന് അക്ഷയ്യുടെ കുടുംബത്തിൻ്റെ പ്രധാന ജീവിത മാർഗ്ഗമായി മാറി. കല്ലൂരാവി പട്ടാക്കൽ മാട്ടുമ്മൽ പ്രകാശിൻ്റെയും ബിന്ദുവിൻ്റെയും മകനാണ് അക്ഷയ്. വിവിധ ബ്രീഡുകളിലുള്ള നൂറുകണക്കിന് അലങ്കാര മത്സ്യങ്ങളാണ് അക്ഷയ് യുടെ കൃഷിയിലുള്ളത്. സ്കൂൾ പഠനത്തിനൊപ്പം തന്നെ മത്സ്യങ്ങളുടെ പരിപാലനവും ബ്രീഡിംഗും അക്ഷയ് സ്വയം നിർവഹിക്കുന്നു. യുവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കർഷക ദിനത്തിൽ കാഞ്ഞങ്ങാട് കൃഷി ഓഫീസർ രമേഷ് കുമാർ അക്ഷയ് യെ ഉപഹാരം നൽകി ആദരിച്ചു.പഠനവും കൃഷിയും ഒരുപോലെ കൊണ്ടുപോകുന്ന അക്ഷയ് യുടെ മാതൃക മറ്റ് വിദ്യാർത്ഥികൾക്കും പ്രചോദനമായി എന്ന് നഗരസഭ വാർഡ് കൗൺസിലറും പി റ്റി എ പ്രസിഡൻ്റുമായ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ, ഹെഡ്മാസ്റ്റർ ഗിരീശൻ എം , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖി , ദിലീപ് കുമാർ , പ്രജീഷ് സി എം , സുബിതാശ്വതി തുടങ്ങിയവർ അക്ഷയ് യെ അഭിനന്ദിച്ചു.
കുട്ടി കർഷകനായ അക്ഷയ് യെ ആദരിച്ചു
