രോഗികളെയും കൂട്ടിരിപ്പുകാരെയും പിഴിയുന്ന ഹോട്ടലുകള്‍ക്കെതിരെ രൂക്ഷ പ്രതിഷേധവുമായി അജു കെ മധു രംഗത്ത്
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോട്ടലുകളിലും കാന്റീനുകളിലും രോഗികളില്‍ നിന്നും കൂട്ടിരിപ്പുകാരില്‍ നിന്നും അമിതവില ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രമുഖ സാമൂഹിക പ്രവര്ത്തകന് അജു കെ മധു രംഗത്തെത്തി. സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആതുരാലയങ്ങളുടെ മുന്നില്‍ നടക്കുന്ന പരസ്യമായ പകല്‍ക്കൊള്ള അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചികിത്സയ്ക്കും മരുന്നിനുമായി എത്തുന്ന നിര്‍ധനരായ മനുഷ്യരെ നിസ്സഹായരാക്കി ചൂഷണം ചെയ്യുന്ന സമീപനമാണ് ആശുപത്രി പരിസരങ്ങളിലെ പല ഹോട്ടലുകളും സ്വീകരിക്കുന്നത്. ഗുണനിലവാരമില്ലാത്ത ഭക്ഷണത്തിന് പോലും വിപണിനിരക്കിനേക്കാള്‍ ഇരട്ടിയിലധികം തുകയാണ് ഈടാക്കുന്നത്. ചായയ്ക്കും ലഘുഭക്ഷണങ്ങള്‍ക്കും ചോറ്റിനും സാധാരണ ഹോട്ടലുകളേക്കാള്‍ വലിയ തുക നല്‍കേണ്ടി വരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നു. പലയിടങ്ങളിലും വിലവിവരപ്പട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാതെയാണ് ഈ തീവെട്ടിക്കൊള്ള അരങ്ങേറുന്നത്.
”അവശതയോടെ എത്തുന്ന പാവപ്പെട്ട രോഗികളെയും അവരുടെ ഉറ്റവരെയും പട്ടിണിക്കിട്ട് ലാഭം കൊയ്യുന്ന ഈ മാഫിയാ സമീപനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ആശുപത്രി വളപ്പിലും പരിസരത്തും ന്യായവിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കേണ്ടത് അധികൃതരുടെ ബാധ്യതയാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും അമിതവില നിയന്ത്രിക്കാനും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്മെന്റും അടിയന്തരമായി സംയുക്ത പരിശോധനകള്‍ നടത്തണം,” അജു കെ മധു പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ന്യായവിലയില്‍ ഭക്ഷണം ലഭ്യമാക്കാന്‍ സബ്സിഡി നിരക്കിലുള്ള ജനകീയ കാന്റീനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉടനടി ശാശ്വതമായ പരിഹാരമുണ്ടായില്ലെങ്കില്‍ പൊതുജനങ്ങളെയും രോഗികളുടെ ബന്ധുക്കളെയും അണിനിരത്തി ആശുപത്രികള്‍ക്ക് മുന്നില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഭക്ഷണക്കൊള്ളയ്ക്കെതിരായ അജു കെ മധുവിന്റെ ഇടപെടലിന് വലിയ പിന്തുണയാണ് രോഗികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. അധികൃതര്‍ വിഷയം ഗൗരവമായി കണ്ട് നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹം.
