ദോഹ: ചരിത്രത്തിൽ ചില നേതാക്കൾ ഒരു രാജ്യത്തെ മാത്രം നയിക്കുന്നവരല്ല; ഒരു രാജ്യത്തിന്റെ ഭാവി തന്നെ പുനർനിർമിക്കുന്നവരാണ്. അവരുടെ ദീർഘദർശനവും ധീരമായ തീരുമാനങ്ങളും തലമുറകളെ സ്വാധീനിക്കുകയും ലോകചരിത്രത്തിൽ സ്ഥിരമായ അടയാളങ്ങൾ പതിപ്പിക്കുകയും ചെയ്യുന്നു. അത്തരമൊരു അസാധാരണ നേതാവായിരുന്നു ഖത്തറിന്റെ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി.
അദ്ദേഹത്തിന്റെ വിയോഗം ഖത്തർ ജനതയ്ക്ക് മാത്രമല്ല, ഖത്തറിന്റെ വളർച്ചയോടും പുരോഗതിയോടും ആത്മബന്ധം പുലർത്തുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്കും വലിയ നഷ്ടമാണ്.
ഒരു പുതിയ ഖത്തറിന്റെ തുടക്കം:
1952-ൽ ദോഹയിൽ ജനിച്ച ശൈഖ് ഹമദ് മികച്ച വിദ്യാഭ്യാസവും ബ്രിട്ടനിലെ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹേഴ്സ്റ്റിലെ സൈനിക പരിശീലനവും നേടി. സൈനിക സേവനത്തിലും ഭരണരംഗത്തും നേടിയ അനുഭവങ്ങൾ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടും ദീർഘകാല വികസന ചിന്തയും നൽകി.
1977-ൽ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായി നിയമിതനായ അദ്ദേഹം പിന്നീട് ദേശീയ ആസൂത്രണത്തിന്റെ ചുമതലയും ഏറ്റെടുത്തു. രാജ്യത്തിന്റെ ഭാവി ദീർഘവീക്ഷണത്തോടെയുള്ള വികസനത്തിലൂടെയാണെന്ന് അദ്ദേഹം വളരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
1995 ജൂൺ 27-ന് അമീറായി അധികാരമേറ്റതോടെ ഖത്തറിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം ആരംഭിച്ചു. ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന ആധുനിക രാഷ്ട്രമാക്കി ഖത്തറിനെ മാറ്റാനുള്ള ദൗത്യത്തിനായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്.
പ്രകൃതി വിഭവങ്ങളെ ദേശീയ ശക്തിയാക്കി.
ശൈഖ് ഹമദിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഖത്തറിന്റെ പ്രകൃതി വാതക സമ്പത്ത് ദീർഘകാല ദേശീയ വികസനത്തിനായി വിവേകപൂർവം ഉപയോഗിച്ചതാണ്. നോർത്ത് ഫീൽഡിന്റെ വികസനത്തിലൂടെ ഖത്തർ ലോകത്തിലെ ഏറ്റവും ശക്തമായ ഊർജ സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറി.
പക്ഷേ, അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വരുമാനം നേടുക എന്നതിൽ ഒതുങ്ങിയിരുന്നില്ല. ആ സമ്പത്ത് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക ക്ഷേമത്തിനുമായി വിനിയോഗിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
മനുഷ്യനിൽ നിക്ഷേപിച്ച വികസന മാതൃക.
“ഒരു രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത് അതിലെ ജനങ്ങളാണ്” എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ ഭരണത്തിന്റെ അടിത്തറ.
ലോകോത്തര സർവകലാശാലകളെ ഖത്തറിലെത്തിച്ച് വിദ്യാഭ്യാസ നഗരത്തിന് (എഡ്യൂകേഷൻ സിറ്റി) രൂപം നൽകി. ഗവേഷണത്തിനും നവീകരണത്തിനും ശാസ്ത്രസാങ്കേതിക രംഗത്തിനും വൻ പ്രോത്സാഹനം നൽകി.
ആരോഗ്യരംഗത്ത് ആധുനിക ആശുപത്രികളും വിദഗ്ധ ചികിത്സാ സംവിധാനങ്ങളും പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങളും ഉറപ്പാക്കി. ഖത്തറിലെ പൗരന്മാർക്ക് ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കുന്ന ക്ഷേമപദ്ധതികളും നടപ്പാക്കി.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെ സ്രഷ്ടാവ്.
ഇന്ന് ലോകം പ്രശംസിക്കുന്ന ഖത്തറിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശൈഖ് ഹമദിന്റെ ദീർഘദർശനത്തിന്റെ ഫലമാണ്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഹമദ് തുറമുഖം, ആധുനിക മെട്രോ ശൃംഖല, ലോകോത്തര റോഡുകൾ, സ്മാർട്ട് നഗര വികസനം—ഇവയെല്ലാം അദ്ദേഹത്തിന്റെ കാലത്ത് രൂപംകൊണ്ട വികസന കാഴ്ചപ്പാടിന്റെ പ്രതിഫലനങ്ങളാണ്.
ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയിലൂടെ ലോകത്തെ പ്രമുഖ നഗരങ്ങളിലും സ്ഥാപനങ്ങളിലുമായി തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തി ഖത്തറിന്റെ സാമ്പത്തിക ശക്തി ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
ലോക ഭൂപടത്തിൽ ഖത്തറിനെ അടയാളപ്പെടുത്തിയ നയതന്ത്രം.
ഭൂപ്രദേശത്തിന്റെ വലിപ്പം കൊണ്ടല്ല, കാഴ്ചപ്പാടിന്റെ വലിപ്പം കൊണ്ടാണ് ഒരു രാജ്യം ലോകശക്തിയാകുന്നതെന്ന് ശൈഖ് ഹമദ് തെളിയിച്ചു.
ആലപ്പുഴ ജില്ലയേക്കാൾ ചെറിയ വിസ്തൃതിയും ഒരേയൊരു കര അതിർത്തിയും മാത്രമുള്ള ഖത്തർ ഇന്ന് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മധ്യസ്ഥ രാഷ്ട്രങ്ങളിലൊന്നാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘർഷങ്ങളിൽ സമാധാന ചർച്ചകൾക്ക് വേദിയൊരുക്കുകയും പരസ്പര സംഭാഷണത്തിന് പാലമാവുകയും ചെയ്യുന്ന വിശ്വസ്ത രാജ്യമായി ഖത്തറിനെ ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വം നിർണായകമായി.
സൗഹൃദപരമായ അന്താരാഷ്ട്ര നയതന്ത്രവും എല്ലാ രാജ്യങ്ങളുമായുള്ള സന്തുലിത ബന്ധവും ഖത്തറിന്റെ പ്രധാന ശക്തിയായി മാറി.
അൽ ജസീറ: അറബ് ലോകത്തിന്റെ ശബ്ദം.
അന്താരാഷ്ട്ര മാധ്യമലോകത്ത് പാശ്ചാത്യ ആധിപത്യം നിലനിന്നിരുന്ന കാലത്ത് അറബ് ലോകത്തിന്റെ കാഴ്ചപ്പാടുകൾ ലോകത്തിന് മുന്നിലെത്തിച്ച അൽ ജസീറയുടെ വളർച്ചയ്ക്ക് അദ്ദേഹം ശക്തമായ പിന്തുണ നൽകി.
അന്താരാഷ്ട്ര വാർത്താ ലോകത്ത് വ്യത്യസ്തമായൊരു ശബ്ദം സൃഷ്ടിക്കാൻ അൽ ജസീറയ്ക്ക് കഴിഞ്ഞത് ഖത്തറിന്റെ സോഫ്റ്റ് പവറിന്റെ പ്രധാന അധ്യായമായി മാറി.
ഫലസ്തീൻ വിഷയത്തിലെ മാനുഷിക നിലപാട്.
ഫലസ്തീൻ ജനതയുടെ ദുരിതത്തോട് ആത്മാർത്ഥമായ ഐക്യദാർഢ്യം പ്രകടിപ്പിച്ച രാഷ്ട്രങ്ങളിലൊന്നായി ഖത്തർ മാറി.
മാനുഷിക സഹായങ്ങൾ, പുനരധിവാസ പ്രവർത്തനങ്ങൾ, നയതന്ത്ര ഇടപെടലുകൾ എന്നിവയിലൂടെ ഫലസ്തീൻ വിഷയത്തിൽ ഖത്തർ സ്ഥിരമായ സാന്നിധ്യമായി. മനുഷ്യാവകാശത്തിനും നീതിക്കും നൽകിയ ഈ പ്രാധാന്യം ഖത്തറിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ കൂടുതൽ ശക്തിപ്പെടുത്തി.
ലോകകപ്പ്: അസാധ്യത്തെ സാധ്യമാക്കിയ സ്വപ്നം.
2022 ഫിഫ ലോകകപ്പ് ഒരു കായിക മാമാങ്കം മാത്രമായിരുന്നില്ല; ഒരു ചെറിയ രാഷ്ട്രത്തിന്റെ ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനമായിരുന്നു.
ഒരു അറബ് രാജ്യത്തിന് ആദ്യമായി ലോകകപ്പിന് ആതിഥേയത്വം ലഭിക്കുകയും അതിനെ ലോകം പ്രശംസിക്കുന്ന നിലവാരത്തിൽ സംഘടിപ്പിക്കുകയും ചെയ്തത് ശൈഖ് ഹമദ് പാകിയ വികസന അടിത്തറയുടെ വിജയമായിരുന്നു.
“ചെറിയ രാജ്യം, വലിയ സ്വപ്നം” എന്ന ആശയം ഖത്തർ ലോകത്തിന് മുന്നിൽ യാഥാർഥ്യമാക്കി.
പ്രവാസികളുടെ ഖത്തർ.
ലക്ഷക്കണക്കിന് പ്രവാസികൾക്ക് സുരക്ഷിതവും മികച്ചതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കിയ രാജ്യമായി ഖത്തർ വളർന്നു.
ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികളും ഖത്തറിന്റെ വികസന യാത്രയുടെ അവിഭാജ്യ ഘടകമായി മാറി. ഇന്ത്യയോടും ഇന്ത്യൻ ജനതയോടും അദ്ദേഹം പുലർത്തിയ സൗഹൃദ സമീപനം എന്നും ആദരവോടെ ഓർക്കപ്പെടുന്നതാണ്.
അധികാര കൈമാറ്റത്തിലെ മാതൃക.
2013-ൽ വെറും 61-ാം വയസ്സിൽ അദ്ദേഹം സ്വമേധയാ അധികാരം മകൻ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് കൈമാറി.
അധികാരം എന്നത് പദവിയിൽ തുടരുക മാത്രമല്ല, രാജ്യത്തിന്റെ ഭാവി സുരക്ഷിതമായ കൈകളിലേക്ക് കൈമാറുക കൂടിയാണെന്ന് ലോകത്തിന് അദ്ദേഹം മാതൃകയായി കാണിച്ചുകൊടുത്തു.
ചരിത്രം ഓർക്കുന്ന പേര്.
ഇന്ന് ലോക ഭൂപടത്തിൽ ഖത്തർ അഭിമാനത്തോടെ ഉയർന്നുനിൽക്കുകയാണെങ്കിൽ, അതിന് പിന്നിൽ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ ദീർഘദർശനവും വികസന കാഴ്ചപ്പാടും അക്ഷീണ പരിശ്രമവുമുണ്ട്.
ആധുനിക ഖത്തറിന്റെ ശിൽപ്പി, ലോകനയതന്ത്രത്തിലെ വിശ്വസ്ത മധ്യസ്ഥൻ, വിദ്യാഭ്യാസത്തിന്റെയും വികസനത്തിന്റെയും പ്രചാരകൻ, മനുഷ്യസ്നേഹിയായ ഭരണാധികാരി—ഇങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹനായ മഹാനായ നേതാവാണ് അദ്ദേഹം.
ഒരു നേതാവ് വിടപറഞ്ഞാലും അദ്ദേഹത്തിന്റെ കാഴ്ചപ്പാടും പൈതൃകവും ഒരു രാജ്യത്തിന്റെ ഓരോ നേട്ടത്തിലും ജീവിച്ചിരിക്കും.
സൃഷ്ട്ടാവ് അദ്ദേഹത്തിന് വിശാലമായ മഗ്ഫിറത്തും ജന്നാത്തുൽ ഫിർദൗസും പ്രദാനം ചെയ്യട്ടെ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും രാജകുടുംബത്തിനും ഖത്തർ ജനതയ്ക്കും ഈ വേർപാടിന്റെ ദുഃഖം താങ്ങാനുള്ള ക്ഷമയും ശക്തിയും നൽകട്ടെ.
