സോഷ്യലിസ്റ്റുകളുടെ ഏകോപനം കാലഘട്ടത്തിന്റെ ആവശ്യം: ജി. ദേവരാജൻ

എൻ സി പി എൻ എ മുഹമ്മദ് കുട്ടി വിഭാഗം ഫോർവേഡ് ബ്ലോക്കിൽ ലയിച്ചു.



കൊച്ചി: വിവിധ ധാരകളിലായി ചിന്നിച്ചിതറി നിൽക്കുന്ന രാജ്യത്തെ സോഷ്യലിസ്റ്റ് ശക്തികളുടെ ഏകോപനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി സഖാവ് ജി. ദേവരാജൻ പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസ് രൂപവൽക്കരിച്ച യഥാർത്ഥ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ ഫോർവേഡ് ബ്ലോക്കിന്റെ നേതൃത്വത്തിൽ രാജ്യത്തെ സോഷ്യലിസ്റ്റ് ശക്തികൾ ഒന്നിക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എൻ.സി.പി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എൻ.എ. മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ എൻ.സി.പി ഘടകം ഫോർവേഡ് ബ്ലോക്കിൽ ഭാഗമായി എറണാകുളം ടൗൺഹാളിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി. ദേവരാജൻ.

രാജ്യത്തിന്റെ ജനാധിപത്യ-സാമൂഹിക മുന്നേറ്റങ്ങൾക്ക് ശക്തിപകരാൻ സോഷ്യലിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്ന എല്ലാ വിഭാഗങ്ങളും ഭിന്നതകൾ മാറ്റിവെച്ച് വിശാലമായ ഐക്യത്തിന്റെ ഭാഗമായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചും മതനിരപേക്ഷത, സാമൂഹിക നീതി, സാമ്പത്തിക സമത്വം എന്നീ മൂല്യങ്ങൾ സംരക്ഷിച്ചും ശക്തമായ രാഷ്ട്രീയ ബദൽ കെട്ടിപ്പടുക്കുകയാണ് ഫോർവേഡ് ബ്ലോക്കിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എൻ.എ. മുഹമ്മദ് കുട്ടി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ് കുമാർ, കേന്ദ്ര കമ്മിറ്റി അംഗം ബി. രാജേന്ദ്രൻ നായർ, കല്ലറ മോഹൻദാസ്, ബൈജു മേനോച്ചേരി, പി.എ. അലക്സാണ്ടർ, അഡ്വ. രവീന്ദ്രൻ പള്ളിപ്പാട്, സയ്യിദ് ആബിദ് തങ്ങൾ, സി.കെ. ഗഫൂർ എന്നിവർ സംസാരിച്ചു.

കേരളത്തിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് പുതിയ ദിശയും ശക്തിയും പകരുന്ന നിർണായക രാഷ്ട്രീയ ചുവടുവയ്പ്പായാണ് എൻ.സി.പി വിഭാഗത്തിന്റെ ഫോർവേഡ് ബ്ലോക്കിലേക്കുള്ള പ്രവേശനം സമ്മേളനത്തിൽ വിലയിരുത്തപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *