നടുറോഡിൽ വെട്ടിയിട്ട മുളങ്കൂട്ടം, യാത്രാതടസ്സവും അപകടഭീഷണിയും ഉയർത്തുന്നു

പീരുമേട്: പീരുമേട് ടൗണിലെ ഓട്ടോ സ്റ്റാൻഡിന് സമീപം നടുറോഡിൽ മുളങ്കൂട്ടം വെട്ടിയിട്ടിരിക്കുന്നത് കടുത്ത യാത്രാതടസ്സവും അപകടഭീഷണിയും ഉയർത്തുന്നു. പീരുമേട് പോസ്റ്റ് ഓഫീസ് കോംപൗണ്ടിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മുളങ്കൂട്ടമാണ് പൊതുമരാമത്ത് വകുപ്പ് കരാർ നൽകി വെട്ടിമാറ്റിയത്. എന്നാൽ, വെട്ടിമാറ്റിയ മുളകൾ കൃത്യമായി ഇവിടെനിന്ന് നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകാത്തതാണ് ഇപ്പോൾ യാത്രക്കാരെ വലയ്ക്കുന്നത്.
ടൗണിലെ തിരക്കേറിയ ഓട്ടോ സ്റ്റാൻഡിലാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. മുളയുടെ കൂർത്ത മുള്ളുകൾ തട്ടി കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായിരിക്കുകയാണ്. കൂടാതെ, ഇതുവഴി കടന്നുപോകുന്ന സ്‌കൂൾ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കും ഇത് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് മുളവെട്ടാൻ കരാർ നൽകിയെങ്കിലും അവ മാറ്റാനുള്ള നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മുളങ്കൂട്ടത്തിനോടൊപ്പം ഇതേ കോംപൗണ്ടിൽ അപകട ഭീഷണിയുയർത്തി നിൽക്കുന്ന ‘സ്പാത്തോഡിയ’ മരവും അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു. വെട്ടിയിട്ടിരിക്കുന്ന മുളകൾ അടിയന്തിരമായി ഇവിടെ നിന്നും മാറ്റിയില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് ശക്തമായ പ്രതിഷേധ മാർച്ച് നടത്തുമെന്നും യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *