തുറഫെസ്റ്റ്: തീരദേശ സാഹിത്യയാത്രയ്ക്ക് തുടക്കമായി

കോവളം കവികൾ സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തുറ ഫെസ്റ്റിന് മുന്നോടിയായുള്ള സാഹിത്യയാത്രയ്ക്ക് കോവളം കവികൾ സ്‌മാരകത്തിൽ തുടക്കമായി.
ജില്ലയിലെ 51 തുറകളിലൂടെയുള്ള സാഹിത്യയാത്ര കഥാകൃത്ത് മധുപാൽ ഉദ്ഘാടനം ചെയ്തു.
മലയാള സാഹിത്യത്തിലെ വിസ്മയമായ ചുവടുവയ്പാണിതെന്ന് മധുപാൽ പറഞ്ഞു.
കോവളം കവികൾ സ്മാരക സമിതി ചെയർമാൻ വിനോദ് വൈശാഖി അധ്യക്ഷനായി.

ആവാടുതുറയിൽ സംഘടിപ്പിച്ച സാഹിത്യസംവാദം പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി.
കെ വി മോഹൻ കുമാറിൻ്റെ ഉല എന്ന നോവലിനെ മുൻനിറുത്തി നടന്ന സംവാദത്തിൽ വിവിധ രംഗങ്ങളിൽ പ്രതിഭകളായ സാംസ്കാരികപ്രവർത്തകർ പങ്കെടുത്തു.
കടൽ മുറിച്ചു കടന്ന പാരമ്പര്യങ്ങളെ കുറിച്ചും ബുദ്ധ ജീവിതം ഇല്ലാതാക്കാൻ സവർണ്ണർ നടത്തിയ ഇടപെടലുകളും ചർച്ച ചെയ്യപ്പെട്ടു.
പുതിയ തലമുറയിലെ എഴുത്തുകാരനായ നവീൻ പ്രസാദാണ് ഉലയിലെ ബുദ്ധദർശനം അവതരിപ്പിച്ചത്. ഡോ റോയി മാത്യു ഉലയിലെ കടൽ എങ്ങനെ സമകാല ജീവിതത്തെ വായിക്കുന്നുവെന്ന് പ്രൗഢ പഠനത്തിലൂടെ സമർത്ഥിച്ചു. മോഹൻ കുമാർ കഥകളിലൂടെ എങ്ങനെ നോവലിലെത്തിയെന്ന ഡോ മിനി പ്രസാദിൻ്റെ പ്രഭാഷണം ശ്രദ്ധേയമായി.
സംവാദത്തിൽ കെ ജി സൂരജ്, ഡോ ഡി അനിൽകുമാർ, ജഗദീഷ് കോവളം,ഷിബു ആറാലുംമൂട്, രാജേന്ദ്രൻ, പ്രവീൺ ലാൽ, പ്രശാന്ത് ഋഷികേശ് തുടങ്ങിയവർ പങ്കെടുത്തു. കെ വി മോഹൻ കുമാർ മറുപടി പ്രസംഗം നടത്തി. ഡോ കെ ബീന മോഡറേറ്ററായിരുന്നു.

രാജലക്ഷ്മിയുടെ രേഖാചിത്രങ്ങൾ ഉല വായിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. രേഖാചിത്ര പ്രദർശനം കാരയ്ക്കാ മണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. സതീഷ് കിടാരക്കുഴി അധ്യക്ഷനായി.
സമിതി രക്ഷാധികാരികളായ അജിത് വെണ്ണിയൂർ, എ.ജെ സുക്കാർണോ,അഡ്വ ആർ വിനായകൻ നായർ, സെക്രട്ടറി കോവളം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പുതിയതുറ കടൽപ്പാട്ടു സംഘത്തിലെ ജയിംസും ക്ലീറ്റസും കടൽപ്പാട്ടുകൾ അവതരിപ്പിച്ചു.
അനിൽ കരുംകുളം, പ്രഭാകരൻ എം ജി , രാധാകൃഷ്ണൻ കെ, കോട്ടുകാൽ സത്യൻ, രശ്‌മി പ്രദീപ്, ചിറക്കൽ ഗോപിനാഥൻ, ജോസഫ് മാപ്പിളശ്ശേരി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

കോവളം കവികളെ അനുസ്മരിച്ച് അമ്പത്തൊന്ന് തിരികൾ തെളിച്ചു. മൺസൂർ, സുമ രാമചന്ദ്രൻ, ഇന്ദിര,ബിന്ദു പോൾ, മധു മാടവൻമൂഴി, എം കെ രാജേന്ദ്രൻ എന്നിവരും പങ്കെടുത്തു. തീരദേശ സാഹിത്യയാത്രയുടെ രണ്ടാം ഭാഗം ജൂലായ് 26 ന് പൊഴിയൂരിലെ തുറയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *