തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സാംസ്കാരിക ഗ്രാമസഭകൾ ആരംഭിക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

പൂവച്ചൽ |

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സാംസ്കാരിക ഗ്രാമസഭകൾ ആരംഭിക്കുമെന്ന് സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. സംസ്കാര സാഹിതി അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി പൂവച്ചലിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സാംസ്കാരിക ഗ്രാമസഭകളിലൂടെ ഗ്രാമങ്ങളിലെ മുഴുവൻ കലാകാരന്മാരെയും ആദരിക്കും. മൺമറഞ്ഞുപോകാൻ സാധ്യതയുള്ള കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. അക്കാദമിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ നാടക സംഘങ്ങൾക്കും സാംസ്കാരിക വകുപ്പിൽനിന്ന് 50,000 രൂപ ധനസഹായം നൽകും. പൂവച്ചൽ ഖാദർ എന്ന അതുല്യ പ്രതിഭയ്ക്ക് ഉചിതമായ ആദരവ് നൽകുമെന്നും മന്ത്രി പറഞ്ഞു.

സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ സത്യദാസ് പൊന്നെടുത്തകുഴി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗോപു നെയ്യാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.എസ്. ശബരിനാഥൻ, അഡ്വ. ബി.ആർ.എം. ഷഫീർ, സംസ്കാര സാഹിതി ജില്ലാ ചെയർമാൻ പൂഴനാട് ഗോപൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അമല ടീച്ചർ, ഷെമി ഷംനാദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സി. ജ്യോതിഷ് കുമാർ, അഡ്വ. ഉവൈസ് ഖാൻ, മണ്ഡലം പ്രസിഡന്റുമാരായ കട്ടയ്ക്കോട് തങ്കച്ചൻ, ഡി. ലാൽ, തോപ്പിൽ ശശി, വിമൽകുമാർ, ഷംനാദ്, മണ്ണാറം പ്രദീപ്, രാജീവ് സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു ആനപ്പാറ, ഷീജ എസ്. തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിനുശേഷം സാഹിതി തിയേറ്റേഴ്സിന്റെ ഏറ്റവും പുതിയ നാടകമായ ‘ചൊറിയൻ പുഴു യുദ്ധം’ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *