അണ്ടർ 23 വനിതാ ട്വന്റി 20: പ്രീ ക്വാർട്ടറിൽ കേരളത്തിന് തോൽവി

റാഞ്ചി: അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിന്റെ പ്രീ ക്വാർട്ടറിൽ കേരളത്തിന് തോൽവി. ഒൻപത് വിക്കറ്റിനാണ് ഉത്തരാഖണ്ഡ് കേരളത്തെ തോൽപ്പിച്ചത്. ഇതോടെ ടൂർണമെന്റിൽ നിന്ന് കേരളം പുറത്തായി. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡ് 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

സ്കോർ: കേരളം – 20 ഓവറിൽ 114/8, ഉത്തരാഖണ്ഡ് – 15.4 ഓവറിൽ 120/1

മുൻനിര ബാറ്റർമാർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും തുടർന്നെത്തിയവർ നിരാശപ്പെടുത്തിയതാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. ഓപ്പണിങ് വിക്കറ്റിൽ അമീറ ബീഗവും ശ്രേയ സിജുവും ചേർന്ന് 37 റൺസ് കൂട്ടിച്ചേർത്തു. 23 റൺസെടുത്ത അമീറയ്ക്ക് പകരമെത്തിയ അനന്യ പ്രദീപും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അനന്യയും ശ്രേയയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 45 റൺസ് പിറന്നു. ശ്രേയ 45-ഉം അനന്യ 20-ഉം റൺസ് നേടി. എന്നാൽ തുടർന്നെത്തിയവരിൽ ഒരാൾക്ക് പോലും രണ്ടക്കം കടക്കാനായില്ല. ഇതോടെ കേരളത്തിന്റെ ഇന്നിങ്സ് 114-ൽ അവസാനിച്ചു. ഉത്തരാഖണ്ഡിന് വേണ്ടി പ്രിയൻശി നാലും നിഷ മിശ്ര രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിന് ക്യാപ്റ്റൻ രാഘവി ബിഷ്ടിന്റെ തകർപ്പൻ ഇന്നിങ്സാണ് അനായാസ വിജയമൊരുക്കിയത്. കരീന സിങ് മികച്ച പിന്തുണ നൽകി. രാഘവി 59 പന്തുകളിൽ നിന്ന് 77 റൺസുമായി പുറത്താകാതെ നിന്നപ്പോൾ കരീന സിങ് 28 റൺസെടുത്ത് പുറത്തായി. 26 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ ഉത്തരാഖണ്ഡ് ലക്ഷ്യത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *