കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സമ്മിറ്റ് പവലിയനിൽ വിസ്മയം തീർത്ത് വിദ്യാർഥികളുടെ കണ്ടുപിടിത്തങ്ങൾ
സാമൂഹികപ്രസക്തിയുള്ള പ്രശ്നങ്ങൾക്ക് ലളിതവും നൂതനവുമായ സാങ്കേതിക പരിഹാരങ്ങളുമായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾ. കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിന്റെ ഭാഗമായി ഒരുക്കിയ പവലിയനിലാണ് കുട്ടിശാസ്ത്രജ്ഞരുടെ മൂന്നു ശ്രദ്ധേയ കണ്ടുപിടിത്തങ്ങൾ സന്ദർശകരുടെയും വിദഗ്ധരുടെയും കൈയടി നേടിയത്. തീ കണ്ടാൽ സ്വയം ഓടിയെത്തി അണയ്ക്കുന്ന സ്മാർട്ട് ഫയർ എക്സ്റ്റിംഗ്വിഷർ, അമിതഭാരം മൂലമുള്ള ബോട്ട് അപകടങ്ങൾ തടയുന്ന ഓട്ടോ പാസഞ്ചർ കൗണ്ടിങ് സംവിധാനം, ക്ലാസ് മുറികളുടെ ഭാവി മാറ്റിയെഴുതുന്ന ‘എഡ്യൂ ബോട്ട് എഐ’ അധ്യാപിക എന്നിവയാണ് പ്രദർശനത്തിൽ താരങ്ങളായത്.
തീ കണ്ടാൽ ഓടിയെത്തും ‘സ്മാർട്ട് ഫയർ എക്സ്റ്റിംഗ്വിഷർ’
മനുഷ്യസഹായമില്ലാതെ തന്നെ തീപിടിത്തം കണ്ടെത്തി അണയ്ക്കാനും തൊട്ടടുത്ത നിമിഷം ഫയർ സ്റ്റേഷനിൽ വിവരമറിയിക്കാനും ശേഷിയുള്ള ‘സ്മാർട്ട് ഫയർ എക്സ്റ്റിംഗ്വിഷറു’മായി താരമായത് ആലപ്പുഴ കായംകുളം പുള്ളിക്കണക്ക് എൻഎസ്എസ് എച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് റിയാനും ആകാശ് കുമാറുമാണ്. യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈഐപി) 7.0 വിജയികളാണ് ഇരുവരും.
ആശുപത്രികൾ, ഫാക്ടറി ഔട്ട്ലെറ്റുകൾ, ബഹുനില ഫ്ലാറ്റുകൾ എന്നിവിടങ്ങളിലെ അഗ്നിബാധ പ്രാരംഭഘട്ടത്തിൽ തന്നെ തടയുകയാണ് ലക്ഷ്യം. ഇതിലെ ഐആർ ഫ്ലെയിം സെൻസറുകളും ഗ്യാസ് സെൻസറുകളും തീയുടെ സാന്നിധ്യം തിരിച്ചറിയുന്നതോടെ ഉപകരണം സ്വയം തീയുള്ള ഭാഗത്തേക്കു നീങ്ങി വെള്ളം ചീറ്റും. 360 ഡിഗ്രിയിൽ കറങ്ങുമ്പോൾ യന്ത്രഭാഗങ്ങളിൽ വെള്ളം വീഴുന്നത് ഒഴിവാക്കാൻ, നോസിൽ ഘടിപ്പിച്ച 180 ഡിഗ്രി സെർവോ മോട്ടോർ വഴി നാലു ദിശയിലേക്കും സുരക്ഷിതമായി വെള്ളം എത്തിക്കുന്ന പ്രത്യേക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ മധ്യഭാഗത്തു സ്ഥാപിച്ചാൽ നിമിഷങ്ങൾക്കകം നാലു വശത്തെയും തീ നിയന്ത്രണവിധേയമാക്കാം.
അപകടം തിരിച്ചറിഞ്ഞാലുടൻ അഗ്നിരക്ഷാസേനയ്ക്കും കെട്ടിട ഉടമയുടെയോ ചുമതലയുള്ളവരുടെയോ ഫോണിലേക്കും ഓട്ടോമാറ്റിക് എസ്എംഎസ് എത്തും. ബഹുനില കെട്ടിടങ്ങളിൽ വിസ്തീർണമനുസരിച്ച് ഓരോ നിലയിലും ഒന്നോ രണ്ടോ യൂണിറ്റുകൾ സ്ഥാപിക്കാനാകും. ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണം ഉപയോഗശേഷം പ്രത്യേക സ്റ്റാൻഡിൽ വച്ചാൽ സ്വിച്ച് ഓൺ ചെയ്യാതെ തന്നെ സ്വയം ചാർജാകും. നിലവിൽ വെള്ളം മാത്രം ഉപയോഗിക്കുന്ന പ്രോട്ടോടൈപ്പാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഭാവിയിൽ മൂന്നു തരം അഗ്നിശമന വസ്തുക്കൾ, മെച്ചപ്പെട്ട ബോഡി കവറേജ്, ഉയർന്ന ബാറ്ററി ശേഷി, നൂതന സർക്യൂട്ട് ബോർഡ് എന്നിവ കൂട്ടിച്ചേർത്ത് വാണിജ്യ ഉൽപന്നമാക്കാനാണ് ഇവരുടെ ലക്ഷ്യം.
ബോട്ട് ദുരന്തങ്ങൾക്കു തടയിടാൻ ‘ഓട്ടോ പാസഞ്ചർ കൗണ്ടിങ്’
അനുവദനീയമായതിലധികം ആളുകളെ കയറ്റുന്നതു മൂലമുണ്ടാകുന്ന ബോട്ട് അപകടങ്ങൾക്ക് ശാശ്വത പരിഹാരവുമായാണ് മലപ്പുറം വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ (ടിഎച്ച്എസ്എസ്) വിദ്യാർഥികൾ എത്തിയത്. മുഹമ്മദ് നാസിം, മുഹമ്മദ് ഷെഹൽ, നിധാൽ ഹുസൈൻ, നാസിം ഹുസൈൻ എന്നിവർ ചേർന്നു രൂപകൽപന ചെയ്ത ‘ഓട്ടോ ബോട്ട് പാസഞ്ചർ കൗണ്ടിങ്’ സംവിധാനം സാമൂഹിക പ്രസക്തി കൊണ്ടു ശ്രദ്ധേയമായി.
ബോട്ടിൽ കയറാവുന്ന യാത്രക്കാരുടെ എണ്ണം മുൻകൂട്ടി ക്രമീകരിക്കാം. പ്രദർശന മാതൃകയിൽ അഞ്ചു പേരെയാണ് പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത എണ്ണം തികഞ്ഞാൽ ബോട്ടിന്റെ പ്രവേശന ഗേറ്റ് തനിയെ അടയും. പരിധി ലംഘിച്ച് ആറാമതൊരാൾ കയറാൻ ശ്രമിച്ചാൽ, ബോട്ടിലുള്ളവരുടെ കൃത്യമായ എണ്ണം വ്യക്തമാക്കുന്ന മുന്നറിയിപ്പ് സന്ദേശം ബന്ധപ്പെട്ടവരുടെ ഫോണിലേക്കും അധികൃതർക്കും ഉടൻ ലഭിക്കും.
സംസ്ഥാനത്ത് പലയിടങ്ങളിലുമുണ്ടായ ദാരുണമായ ബോട്ട് അപകടങ്ങളാണ് ഇത്തരമൊരു ആശയത്തിലേക്കു നയിച്ചതെന്ന് മുഹമ്മദ് ഷെഹൽ പറയുന്നു. കേരളത്തിലെ ബോട്ടുകളിൽ ഇത്തരം സ്വയംനിയന്ത്രിത സംവിധാനങ്ങൾ നിലവിൽ വ്യാപകമല്ലെന്നതും കണ്ടുപിടിത്തത്തിന്റെ പ്രസക്തി കൂട്ടുന്നു. ടെക്നിക്കൽ സ്കൂളിലെ അധ്യാപകരുടെ പിന്തുണയും സ്കൂളിൽനിന്നു ലഭിച്ച സാമ്പത്തിക-ഉപകരണ സഹായവുമാണ് പ്രോജക്ട് യാഥാർഥ്യമാക്കാൻ തുണയായതെന്ന് വിദ്യാർഥികൾ പറഞ്ഞു.
ക്ലാസ് മുടങ്ങില്ല; കരച്ചിൽ മാറ്റാനും മിടുക്കൻ ‘എഐ ടീച്ചർ’
അധ്യാപകർ അവധിയായാലും കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ ‘എഐ ടീച്ചറെ’ അവതരിപ്പിച്ച് വിസ്മയം തീർത്തത് മലപ്പുറം കക്കുളം പിഎംഎസ്എ പിടിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥികളായ ആഗ്നേയ്, ഹസീഫ്, അർചിത്, നിരഞ്ജൻ എന്നിവരാണ്. വിദ്യാർഥികൾ സ്വന്തമായി വികസിപ്പിച്ച ‘എജ്യുബോട്ട് ഒഎസ്’ എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ നിർമിതബുദ്ധി റോബോട്ടിന്റെ പ്രവർത്തനം.
‘എജ്യു കണക്ട്’ എന്ന മൊബൈൽ ആപ്പിലൂടെ നിയന്ത്രിക്കുന്ന ഈ റോബോട്ട് അധ്യാപകരില്ലാത്ത ക്ലാസ് മുറിയിലേക്ക് സ്വയം നീങ്ങിയെത്തും. ലോകത്തിന്റെ ഏതു കോണിലിരുന്നും അധ്യാപകർക്ക് ഇതിലൂടെ ലൈവ് വിഡിയോ കോളായി ക്ലാസെടുക്കാനും നോട്ടുകൾ അപ്ലോഡ് ചെയ്യാനും സാധിക്കും. പഠിപ്പിക്കേണ്ട വിഷയവും ക്ലാസും നൽകിയാൽ എഐ ടീച്ചർ തന്നെ സ്ലൈഡ് പ്രസന്റേഷൻ തയാറാക്കി ക്ലാസെടുക്കും; പാഠഭാഗം മനസ്സിലായോ എന്നുറപ്പിക്കാൻ ക്വിസും നടത്തും. പാഠപുസ്തകങ്ങളിലെ ചിത്രങ്ങളും ശാസ്ത്രപരീക്ഷണങ്ങളും ത്രീഡി സിമുലേഷനിലൂടെ നേരിട്ടു കണ്ടും ചെയ്തും പഠിക്കാനുള്ള സൗകര്യവുമുണ്ട്.
‘ഹേയ് ടീച്ചർ’ എന്നു വിളിച്ച് സംശയങ്ങൾ ചോദിച്ചാൽ ലളിതമായ ഉദാഹരണങ്ങൾ സഹിതം മറുപടി നൽകും. എന്നാൽ പഠനവുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചാൽ അവ ബ്ലോക്ക് ചെയ്യാനും ഈ സ്മാർട്ട് ടീച്ചറിനറിയാം. എൽകെജി, പ്രീ-കെജി കുട്ടികൾക്കായുള്ള ‘കിഡ്സ് മോഡ്’ ആണ് മറ്റൊരു കൗതുകം. ക്ലാസിൽ കുട്ടികൾ കരയുന്നതു തിരിച്ചറിഞ്ഞാൽ സ്ക്രീനിൽ ആനിമേറ്റഡ് വിഡിയോകൾ പ്ലേ ചെയ്തും മുഖഭാവങ്ങൾ മാറ്റിയും കരച്ചിൽ മാറ്റാൻ എഐ ടീച്ചർക്കു കഴിയും. സമ്മിറ്റിലെത്തിയ വിദഗ്ധരുടെയും പൊതുജനങ്ങളുടെയും നിറഞ്ഞ പ്രശംസയാണ് ഈ കുട്ടിശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങൾക്കു ലഭിക്കുന്നത്.
