വണ്ടിപ്പെരിയാർ: വാളാർഡി ഹോളി ട്രിനിറ്റി സി.എസ്.ഐ. ഇടവകയുടെ പുതുക്കിപ്പണിത ദൈവാലയത്തിൻ്റെ പ്രതിഷ്ഠാ ശുശ്രൂഷയും ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.
ശുശ്രൂഷകൾക്ക് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക മുൻ ബിഷപ്പ് റൈറ്റ് റവ. ഡോ. കെ.ജി. ദാനിയേൽ തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. മഹായിടവക വൈദിക സെക്രട്ടറി റവ. റ്റി.ജെ. ബിജോയി, ബിഷപ്പ് സെക്രട്ടറി റവ. പി.സി. മാത്യുകുട്ടി എന്നിവർ സഹകാർമ്മികരായിരുന്നു.
ഇടവകയുടെ മുൻകാല വികാരിമാർ, ശുശ്രൂഷകർ, മഹായിടവകയിലെ മറ്റ് വൈദിക ശ്രേഷ്ഠർ, സഹോദര സഭകളിലെ പ്രതിനിധികൾ, സഭാവിശ്വാസികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങി നിരവധി പേർ ചടങ്ങുകളിൽ പങ്കെടുത്തു.
ഇടവക വികാരിയും വണ്ടിപ്പെരിയാർ ജില്ലാ ചെയർമാനുമായ റവ. എ. ജോൺ വിൽസൺ, കൈക്കാരന്മാരായ കുര്യൻ മാത്യു കാരമുള്ളുങ്കൽ, ദേവരാജ് സർഗുണം വാളാർഡി, സെക്രട്ടറി ജോൺ സി. പീറ്റർ പെരുമത്തുകിഴക്കേതിൽ, ബിൽഡിംഗ് കമ്മിറ്റി കോ-ഓർഡിനേറ്റർ തോമസ് കെ.ജെ. കാവുംവാതുക്കൽ, കൗൺസിൽ അംഗങ്ങളായ എ. ഗുണശീലൻ ഹോസാന, ജോൺ ഡാനിയേൽ പ്ലാപ്പള്ളിയിൽ, മോനിച്ചൻ എ. തോട്ടക്കരയിൽ എന്നിവർ ആഘോഷ പരിപാടികൾക്കും ശുശ്രൂഷകൾക്കും നേതൃത്വം നൽകി.
വാളാർഡി ഹോളി ട്രിനിറ്റി സി.എസ്.ഐ. ഇടവകയുടെ പുതുക്കിപ്പണിത ദൈവാലയ പ്രതിഷ്ഠയും പ്ലാറ്റിനം ജൂബിലി സമാപനവും നടന്നു
