കൊച്ചി – യു കെ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണം: ഐ ഓ സി (യു കെ) കേരള ചാപ്റ്റർ

പ്രവാസി മലയാളികളുടെ ശബ്ദം വീണ്ടും ഇന്ത്യൻ പാർലമെന്റിലേക്ക്

റോമി കുര്യാക്കോസ്

മാഞ്ചസ്റ്റർ: യു കെയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ കൊച്ചി–യു കെ എയർ ഇന്ത്യ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ തുടരുന്നു.
കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിർണായക ഇടപെടൽ.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) യൂത്ത് വിംഗ് കോർഡിനേറ്റർ സുമിൻ വർഗീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ലോക്സഭാ അംഗം ആന്റോ ആന്റണി എം പിക്ക് നേരിട്ട് കഴിഞ്ഞ ദിവസം നിവേദനം സമർപ്പിച്ചു. അനുഭാവപൂർവ്വമായ ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയന മന്ത്രലയം, എയർ ഇന്ത്യ – സിയാൽ അധികൃതർ, ഇന്ത്യൻ ഹൈ കമ്മീഷൻ എന്നിവർക്ക് ഓൺലൈനായി നിവേദനം സമർപ്പിച്ചതിന് പുറമേയാണിത്.

2025 ജനുവരി 29-ന് എയർ ഇന്ത്യ കൊച്ചി–യു കെ ഡയറക്ട് സർവീസ് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് യു കെയിലെ പ്രവാസ കോൺഗ്രസ്‌ സംഘടനകൾ വിവിധ തലങ്ങളിൽ ശക്തമായ ഇടപെടലുകൾ ആരംഭിച്ചിരുന്നു. യു കെയിൽ ഐ ഓ സി – ഓ ഐ സി സി സംഘടനകളുടെ ലയന ശേഷം ഐ ഓ സി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഇടപെടലുകൾ തുടർന്നു പോരുന്നത്. ജനപ്രതിനിധികൾ, കേന്ദ്ര സർക്കാർ, എയർ ഇന്ത്യ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) എന്നിവരുമായി സംഘടന ആശയവിനിമയം നടത്തിവരികയാണ്.

സിഐഎഎൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് എയർ ഇന്ത്യ ഗ്രൂപ്പ് അധികൃതരുമായി നടത്തിയ ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നും, ആവശ്യമായ സാങ്കേതികവും റെഗുലേറ്ററി അനുമതികളും ലഭിക്കുന്നതോടെ സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

2020 ഓഗസ്റ്റിൽ ആഴ്ച്ചയിൽ മൂന്ന് ദിവസം ആയി ആരംഭിച്ച കൊച്ചി–യു കെ ഡയറക്ട് സർവീസ് യു കെയിലെ മലയാളി സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ അന്താരാഷ്ട്ര വ്യോമപാതകളിലൊന്നായിരുന്നു. സർവീസ് നിർത്തലാക്കിയതോടെ വിദ്യാർത്ഥികൾക്കും ആരോഗ്യപ്രവർത്തകർക്കും കുടുംബങ്ങൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ സാമ്പത്തികവും സമയപരവുമായ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. യു കെയിലെ ഏകദേശം അഞ്ച് ലക്ഷം മലയാളികളുടെ യാത്രാ, കുടുംബ, വിദ്യാഭ്യാസ, വ്യാപാര ആവശ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.

നിവേദനം സ്വീകരിച്ച ആന്റോ ആന്റണി എം.പി ഈ വിഷയം ഇന്ത്യൻ പാർലമെന്റിലും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും മുന്നിൽ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി. തുടർന്ന് അദ്ദേഹം കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസുമായി വീഡിയോ കോളിൽ സംസാരിക്കുകയും, വിഷയത്തിൽ പൂർണ പിന്തുണയും തുടർനടപടികൾക്കുള്ള ഉറപ്പും നൽകുകയും ചെയ്തു.

കൊച്ചി–യു കെ ഡയറക്ട് വിമാന സർവീസ് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതുവരെ എല്ലാ ജനാധിപത്യ മാർഗങ്ങളിലൂടെയും ശക്തമായ ഇടപെടലുകൾ തുടരുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *