ദോഹ: സൗദിയിലെ ത്വാഇഫിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം രാങ്ങാട്ടൂർ തെക്കേ പീടിയേക്കൽ അബ്‌ദുൽ ലത്തീഫ് എന്ന കുഞ്ഞുമോന്റെ ഭാര്യ രഹന (52) മൂത്ത മകൾ ഡോ. നഹ്‌ല നർമിൻ (29) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ഖത്തറിൽനിന്നും റോഡ് മാർഗം ഉംറക്കെത്തിയ മലയാളി കുടുംബം ഉംറ കർമങ്ങൾ പൂർത്തിയാക്കി മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയിൽ,
ത്വാഇഫിന് ഏകദേശം 200 കിലോമീറ്റർ അകലെ ദലം എന്ന പ്രദേശത്താണ് അപകടം നടന്നത്. വാഹനം ഓടുന്നതിനിടെ കാറ്റിൽ പ്ലാസ്റ്റിക് ഷീറ്റ് വാഹനത്തിന്റെ ഗ്ലാസിലേക്ക് വീഴുകയായിരുന്നു. ഇതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം വിട്ടാണ് ലാൻഡ് ക്രൂയിസർ കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ, മരിച്ച രണ്ട് പേർ ഉൾപ്പടെ 6 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന അബ്ദുൽ ലത്തീഫ്, രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഖത്തറില്‍ ദീര്‍ഘകാല പ്രവാസിയായ അബ്ദുല്‍ ലത്തീഫ് കാപ്‌കോ ജീവനക്കാരനാണ്.
