കക്കിക്കവലയിലെ സിസിടിവി ക്യാമറ മോഷണം പോയി
പീരുമേട് :വണ്ടിപ്പെരിയാർ പഞ്ചായത്ത് അതിർത്തിക്കുള്ളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നു. കക്കിക്കവലയിൽ ജനങ്ങളുടെ സുരക്ഷയ്ക്കും മാലിന്യം തള്ളുന്നത് കണ്ടെത്തുന്നതിനുമായി
സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയാണ് കഴിഞ്ഞദിവസം രാത്രിയിൽ മോഷണം പോയത്. ഇതോടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് സിസിടിവി ക്യാമറകളാണ് പ്രദേശത്ത് നിന്ന് മോഷണം പോയത്.
പ്രദേശത്ത് ലഹരി സംഘങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമായതിനെ തുടർന്നാണ് പ്രധാന കവലകൾ കേന്ദ്രീകരിച്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പഞ്ചായത്ത് മുൻകൈ എടുത്തത്. എന്നാൽ പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും കൺമുന്നിൽ വച്ചുതന്നെ ക്യാമറകൾ ഒന്നൊന്നായി മോഷണം പോയിട്ടും ഇതുവരെ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
തുടർച്ചയായി ക്യാമറകൾ മോഷണം പോയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ അന്വേഷണമോ രാത്രികാല പെട്രോളിംഗോ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. പൊതുമുതൽ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ മടിക്കുകയാണ്.
ക്യാമറകൾ മോഷ്ടിക്കുന്നത് വഴി പ്രദേശത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ക്യാമറയിൽ കുടുങ്ങാതിരിക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. മോഷണം പോയ ക്യാമറകൾക്ക് പകരം സംവിധാനം ഒരുക്കണമെന്നും, പ്രതികളെ എത്രയും വേഗം കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന്
നാട്ടുകാർ ആവശ്യപ്പെട്ടു .
വണ്ടിപ്പെരിയാറിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
