കുഞ്ഞുങ്ങൾക്ക് നരകയാതന നൽകിയവർക്ക്മാപ്പില്ല


അഡ്വ. ചാർളിപോൾ

ഡെ കെയർ സെൻ്ററുകൾ കുട്ടികളുടെ സ്വാതന്ത്രത്തിൻ്റെ റിപ്പബ്ലിക്കാണ്. സ്വാതന്ത്രത്തോടെ ഉല്ലസിക്കാനും കളിക്കാനും പാട്ടുപാടാനും കഥ കേൾക്കാനും സുരക്ഷിതമായി ഓടിയും ചാടിയും ആസ്വദിക്കാനുള്ള ഇടങ്ങളാണ് ഡെ കെയർ സെൻ്ററുകൾ . അവിടെയാണ് രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളുടെ നേരെ ആയമാർ കൊടും ക്രൂരത കാണിച്ചത്.

ഐടി കമ്പനിയായ കാപ് ജെമനിയുടെ ബെംഗളൂരു ക്യാമ്പസിലെ ഡെ കെയർ സെൻ്ററിലാണ് സംഭവം.ഉറക്കെ മിണ്ടിയാലോ കരഞ്ഞാലോ വാശി പിടിച്ചാലോ കുഞ്ഞുങ്ങളെ അതികഠിനമായി പീഢിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ചോര മരവിക്കുന്ന സംഭവങ്ങളെക്കുറിച്ച് പുറം ലോകമറിഞ്ഞത്.

വാവിട്ടു കരയുന്ന കുഞ്ഞുങ്ങളെ തൂക്കിയെടുത്ത് വാഷിംഗ് മെഷീനിൽ ഇട്ട് അടയ്ക്കുന്ന ആയമാർ, പേടിച്ചു വിറച്ച് അലമുറയിട്ട കുരുന്നുകളുടെ പിഞ്ചു വായിലേക്ക് പൈപ്പിൽ നിന്ന് ശക്തമായി വെള്ളം ചീറ്റുന്നു. ഏങ്ങലടിക്കുന്ന കുഞ്ഞുങ്ങളെ ബാത്റൂമിൽ പൂട്ടിയിടുന്നു. ചിലരെ ബലമായി പിടിച്ചു ക്ലോസറ്റിനു മുകളിൽ ഇരുത്തുന്നു. ക്രൂരവും പൈശാചികവുമായ ഈ സംഭവങ്ങൾ നമ്മുടെ രാജ്യത്ത് നടന്നു എന്നുള്ളത് നമ്മെ വല്ലാതെ ഞെട്ടിപ്പിക്കുന്നു.

കുഞ്ഞുങ്ങളെ സ്നേഹിക്കാനും കരുതലോടെ കാത്തുസൂക്ഷിക്കാനും നിയോഗിക്കപ്പെട്ടവർ കാട്ടി കൂട്ടിയ കൊടുംക്രൂരതകൾക്ക് മാപ്പില്ല. അർഹിക്കുന്ന ശിക്ഷ ആയമാർക്ക് നല്കിയെ മതിയാവു. മറ്റ് ഒരു ശിശു സംരക്ഷണ കേന്ദ്രത്തിലും ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശനവും മാതൃകാപരവുമായ തുടർ നടപടികൾ ഉണ്ടാകണം.

കുട്ടികളുടെ ശരീരത്തിനും മനസ്സിനും മുറിവേൽപ്പിക്കാൻ പാടില്ലെന്ന തത്വം ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ളതാണ്.

ഡോ. എറിക് ബേൺ പറയുന്നു; “ഒരു മനുഷ്യൻ്റെ വിധി നിർണയിക്കുന്നത് കേവലം ആറു വയസ്സ് പോലും തികയാത്ത കുഞ്ഞാണ് ” . ആറു വയസ്സ് വരെ ഒരു കുട്ടിക്ക് ഉണ്ടാകുന്ന ജീവിതാനുഭവങ്ങളാണ് ആ വ്യക്തിയുടെ സ്വഭാവത്തിന്റെ അടിത്തറ പാകുന്നത്. ഇക്കാലയളവിൽ കുട്ടിക്ക് ഉണ്ടാകുന്ന പോസിറ്റീവും നെഗറ്റീവുമായ അനുഭവങ്ങൾ ആ കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ സാരമായി ബാധിക്കും. ഈ കാലഘട്ടത്തിൽ ഒരു കുട്ടി താൻ ജീവിക്കുന്ന, തന്റെ നിയന്ത്രണത്തിൽ അല്ലാത്ത സാഹചര്യങ്ങളുടെ സ്വാധീനത്തിൽ എടുക്കുന്ന ഉറച്ച തീരുമാനങ്ങളാണ് തലയിലെഴുത്ത്. ഈ കാലഘട്ടത്തിലെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ചാണ് ആ കുട്ടി മരണം വരെ പ്രവർത്തിക്കുന്നത്. ഈ പ്രായത്തിൽ കുട്ടികൾ നിരവധി തീരുമാനങ്ങൾ എടുക്കുന്നുണ്ടെങ്കിലും വളരെ ശക്തവും ആഴത്തിൽ ഉറച്ചുമായി തീരുമാനങ്ങളെ സ്‌ക്രിപ്റ്റ് അഥവാ തലയിലെഴുത്ത് എന്ന് പറയാം. അടികളും മറ്റു മാനസിക പീഢനങ്ങളും ഒരാളുടെ തലയിലെഴുത്ത് നെഗറ്റീവ് ആക്കുന്നു.

ജനിച്ച ശേഷമുള്ള ആയിരം ദിനങ്ങളാണ് ഒരു വ്യക്തി രൂപം കൊളളുന്ന സുപ്രധാന കാലഘട്ടം. അവിടെ മുറിവുകൾ സമ്മാനിക്കരുത്. ദേവന്മാരോടെന്നപോലെ ആറ് വയസു വരെ കുട്ടികളോട് പെരുമാറണമെന്നാണ് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടുള്ളത്.

ആറ് വയസു വരെ കുട്ടി അനു ഭവിക്കുന്ന മാനസിക സംഘർഷങ്ങളെല്ലാം കുട്ടികളുടെ തലച്ചോറിൽ രേഖപ്പെടുത്തുന്നുണ്ട്. അവ ഒരിക്കലും നെഗറ്റീവ് ആകരുത്. സ്നേഹാനുഭവങ്ങൾ, സ്നേഹസ്പർശം, ആശ്വസിപ്പിക്കൽ, പ്രചോദിപ്പിക്കൽ, അംഗീകരിക്കൽ ,പരിഗണിക്കൽ ,അഭിനന്ദിക്കൽ, എന്നിങ്ങനെ എണ്ണമറ്റ പോസിറ്റീവ് അനുഭവങ്ങളിലൂടെയാണ് കുട്ടികളുടെ തലച്ചോറ് വ്യത്യസ്തമായി കഴിവുകൾ നേടുന്നത്. അനുഭവങ്ങൾ തലച്ചോറിന്റെ ഘടനയെ മാറ്റുന്നുണ്ട്. ശാരീരിക, മാനസിക ശിക്ഷകൾ തലച്ചോറിന്റെ വികാസ പ്രക്രിയയെ ദോഷകരമായി ബാധിക്കും. അങ്ങനെ കടുത്ത ശിക്ഷകളിലൂടെ കടന്നുപോയവരുടെ തലച്ചോറിൽ ചില പ്രത്യേക അടയാളങ്ങൾ കാണാനാകും.

ശാരീരികവും മാനസികവുമായപീഡനങ്ങളും ശിക്ഷകളും അനുഭവിച്ചവർ മറ്റുള്ളവരെക്കാൾ വേഗത്തിൽ രോഗികളായി മാറുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്നത് കാണാം. ഇവർ കൂടുതൽ അപകടങ്ങളിൽ പെടുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇവർ നേരത്തെ മരിക്കുന്നു. ചിലർ ആത്മഹത്യാപ്രവണത കാണിക്കുന്നു. ശാരീരികവും മാനസികവുമായ ശിക്ഷകൾ അനുഭവിച്ചവരുടെ തലച്ചോറും ശരീരത്തിലെ സംരക്ഷണ സംവിധാനങ്ങളും ശരിയായി പ്രവർത്തിക്കുന്നില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അവർ ജീവിതത്തെ ഫലപ്രദമായി നേരിടാൻ കഴിയാതെ കൂമ്പടഞ്ഞു പോകാനിടയുണ്ട്.

സങ്കടം ,കോപം ഭയം, സന്തോഷം എന്നീ വികാരങ്ങളിൽ സന്തോഷം മാത്രമേ കുട്ടികൾ അനുഭവിക്കാൻ പാടുള്ളൂ. സങ്കടം കോപം ,ഭയം എന്നീ വികാരങ്ങൾ മുറിവുകളാണ്. അവയാണ് മോശമായ സ്വഭാവരീതികൾക്ക് കാരണം.

ആയമാർ കാട്ടിക്കൂട്ടിയ ക്രൂരതകൾ ജീവിതകാലം മുഴുവൻ മായാത്ത വടുവായി കുട്ടികളുടെ മനസിൽ കിടക്കും. സ്നേഹ- സ്വാന്തന സമീപനങ്ങളിലൂടെ കുട്ടികളുടെ മാനസികാവസ്ഥയെ വീണ്ടെടുക്കണം. സൗഹൃദാന്തരീക്ഷവും ഊഷ്മളതയും കുഞ്ഞുങ്ങളുടെ വളർച്ചക്ക് അനുപേക്ഷണീയമാണ്. സ്നേഹവും കരുതലും സഹാനുഭൂതിയും ആവോളം നല്കി കുട്ടികളുടെ മനസ്സിനേറ്റ മുറിവുകളെ ഉണക്കണം. അവരെ സ്നേഹം നല്കി നല്ലവരായി വാർത്തെടുക്കണം. കുഞ്ഞുങ്ങളാണ് രാജ്യത്തിൻ്റെ ഭാവി . അത് മറക്കരുത്. കുടുംബാംഗങ്ങളുടെയും സമൂഹത്തിൻ്റെയും കരവലയത്തിനുള്ളിൽ സുരക്ഷിതരായും സന്തോഷത്തോടെയും നമ്മുടെ കുട്ടികൾ ജീവിക്കാനിട വരട്ടെ. ശൈശവത്തിൻ്റെ കാവലാളുകളായി നമ്മൾ മാറണം.

( അഭിഭാഷകനും ട്രെയ്നറും മെൻ്ററുമായ ലേഖകൻ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലകനാണ്.
8075789768 )

Leave a Reply

Your email address will not be published. Required fields are marked *