മാർക്കറ്റിനെക്കുറിച്ച് വന്ന വാർത്തകൾ വസ്തുതാവിരുദ്ധം

വൈക്കം: നഗരസഭയിലെ മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് പത്രമാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ. കഴിഞ്ഞ കൗൺസിലിൻ്റെ കാലത്ത് ലേലം ചെയ്തു കൊടുത്ത മത്സ്യമാർക്കറ്റിലെ ടോയ് ലറ്റിൽ സ്ഥാപിച്ചിരുന്ന മോട്ടോർ ആരോ മോഷ്ടിച്ചു കൊണ്ടുപോയി. തുടർന്ന് ക്ലീനിംഗ് നടത്താനാവാതെ വന്നതു കൊണ്ട് കരാറുകാരൻ അടച്ചിടുകയായിരുന്നു. പോലീസിൽ പരാതിപ്പെട്ടെങ്കിലും മോട്ടോർ തിരികെ ലഭിച്ചില്ല.

ഇപ്പോഴത്തെ കൗൺസിൽ അധികാരമേറ്റ ശേഷം വാർഡു കൗൺസിലർ വിഷയം ശ്രദ്ധയിൽ കൊണ്ടുവരുകയും
ചെയ്തു. തുടർന്ന്
വീണ്ടും ലേലം നടത്തുന്നതിന് ശ്രമിച്ചെങ്കിലും ആരും ലേലത്തിൽ പങ്കെടുത്തില്ല. അതുകൊണ്ടാണ് ഇപ്പോഴും അത് ഉപയോഗശൂന്യമായ അവസ്ഥയിൽ നില നിൽക്കുന്നത്.
മത്സ്യ മാർക്കറ്റ് നവീകരണത്തിൻ്റെ ഭാഗമായി പുതിയ കെട്ടിടം സ്ഥാപിച്ച് അതിനുള്ളിൽ സ്ഥാപിക്കുന്നതിനായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഉപകരണങ്ങളിൽ പലതും മോഷണം പോയി. അതുുകൊണ്ടാണ് ആകെട്ടിടം ഉപയോഗിക്കാൻ കഴിയാത്തത്.

മാർക്കറ്റിലെ കച്ചവടക്കാർ അവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്ന ബോക്സുകൾ മാർക്കറ്റിനകത്തു തന്നെ അട്ടിഇട്ട് വെച്ചിരിക്കുന്നതിനാൽ ക്ലീനിംഗ് പൂർണ്ണമായി നടത്താൻ കഴിയാറില്ല. പരിസരമാകെ പഴകിയ തെർമോകൂൾ ബോക്സുകളുടെയും മറ്റും അവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞിരിക്കുകയാണ്. പരിസരം വൃത്തിയാക്കാൻ കച്ചവടക്കാർ ശ്രദ്ധിക്കുന്നില്ല. പഴകിയ മീൻ അലക്ഷ്യമായി വലിച്ചെറിയുന്നതും പരിസരം വൃത്തികേടാകാൻ കാരണമാകുന്നു.
നഗരസഭ സ്ഥാപിച്ച പുതിയ വേസ്റ്റു ബിന്നുകൾ പറിച്ചെറിഞ്ഞുകളഞ്ഞതിനാൽ അതും ഉപയോഗപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണ്.
രാഷ്ട്രീയ പ്രേരിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർ ഇതിനു പരിഹാരം കാണാൻ ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *