മലപ്പുറം: വളാഞ്ചേരി നഗരസഭ പരിധിയിലെ പെരിന്തൽമണ്ണ റോഡിനോട് ചേർന്നുള്ള നന്മ, അനുഗ്രഹ ഓഡിറ്റോറിയത്തിന് സമീപമുള്ള തോട്ടിലേക്കും ഒഴിഞ്ഞ സ്ഥലങ്ങളിലേക്കും ചില ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള മാലിന്യജലം ടാങ്കർ ലോറികൾ വഴി അനധികൃതമായി തള്ളുന്നതായി ആരോപിച്ച് നഗരസഭ സെക്രട്ടറിക്കും ബന്ധപ്പെട്ട അധികാരികൾക്കും എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ആബിദ് തങ്ങൾ പരാതി സമർപ്പിച്ചിട്ടുള്ളതാണ്.
ഇന്ന് കേട്ടുകേൾവി പോലുമില്ലാത്ത പല ഫംഗസ്, ബാക്ടീരിയ, വൈറസ് രോഗങ്ങളും സമൂഹത്തിൽ പടരുന്ന സാഹചര്യമുണ്ട്.
ഈ വിഷയത്തിൽ പൊതുതാൽപര്യം മുൻനിർത്തി ഇടപെടുകയും സംഭവസ്ഥലം നേരിട്ട് സന്ദർശിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് സയ്യിദ് ആബിദ് തങ്ങൾക്കെതിരെ ഭീഷണിസ്വഭാവമുള്ള ഫോൺ കോളുകളും സമ്മർദ്ദ ശ്രമങ്ങളും ഉണ്ടായതായി ഗൗരവത്തോടെ മാധ്യമങ്ങളെ അറിയിക്കുകയാണ്. പരിസ്ഥിതി മലിനീകരണത്തിനെതിരെ ശബ്ദമുയർത്തിയതിനും പൊതുജനാരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടിയതിനുമാണ് ഇത്തരം ഭീഷണികൾ ഉയരുന്നതെന്നത് ആശങ്കാജനകമാണ്.
ഒരു പൊതുപ്രവർത്തകനെ ഭീഷണിപ്പെടുത്തി ജനകീയ വിഷയങ്ങളിൽ നിന്നു പിന്തിരിപ്പിക്കാമെന്ന ധാരണ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. ഈ വിഷയത്തിൽ നിയമപരമായ അന്വേഷണം നടത്തി ഭീഷണിക്ക് പിന്നിലുള്ളവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട പോലീസ് അധികാരികളോടും സർക്കാരിനോടും ആവശ്യപ്പെടുന്നു.
കേരള മുനിസിപ്പാലിറ്റി നിയമത്തിനും പരിസ്ഥിതി സംരക്ഷണ ചട്ടങ്ങൾക്കും പൊതുജനാരോഗ്യ മാനദണ്ഡങ്ങൾക്കും പൂർണ്ണമായും വിരുദ്ധമായ രീതിയിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്. നഗരസഭയുടെ അറിവില്ലാതെ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച മൂലമാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ബന്ധപ്പെട്ട അധികാരികൾക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ല.
അത് കൊണ്ട് ,മാലിന്യജലം തള്ളുന്ന വാഹനങ്ങളും സ്ഥാപനങ്ങളും കണ്ടെത്തുക, ബന്ധപ്പെട്ട ഹോട്ടലുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക, മലിനീകരണം നടന്ന പ്രദേശം ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും ചെയ്യുക, ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക,
ആരോഗ്യവിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ സംയുക്ത പരിശോധന നടത്തുക, ഭീഷണി ഫോൺ കോളുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക, എന്നിവ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട പരാതി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ, നഗരസഭ സെക്രട്ടറി നഗരസഭ ചെയർപേഴ്സൺ, വളാഞ്ചേരി എസ്.എച്ച്.ഒ, കേരള മുഖ്യമന്ത്രി, ഡി.ജി.പി, മലപ്പുറം എസ്.പി എന്നിവർക്കും നൽകിയിട്ടുണ്ട്. പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ബന്ധപ്പെട്ട അധികാരികൾ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.
വാർത്താ സമ്മേളനത്തിൽ എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ആബിദ് തങ്ങൾ, എൻ വൈ സി സംസ്ഥാന പ്രസിഡൻ്റ് സി.കെ. ഗഫൂർ, എന്നിവർ സംബന്ധിച്ചു.
