കാക്കനാട്: സിനിമയും കായികാവേശവും കൈകോർത്ത സെലിബ്രിറ്റി ക്രിക്കറ്റ് ഫ്രറ്റേണിറ്റി പ്രീമിയർ ലീഗ് അതിന്റെ കലാശപ്പോരാട്ടത്തിലേക്ക്. ഇൻഫോപാർക്കിന് സമീപമുള്ള രാജഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ആദ്യ സെമി ഫൈനലിൽ സീബ്ര സീൽസിനെ 33 റൺസിന് പരാജയപ്പെടുത്തി സീ ഹോഴ്സ് സെയിലേഴ്സ് ഫൈനലിൽ ഇടംപിടിച്ചു.ഈ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത് അമ്പത്തിനാല് പന്തുകളിൽ നിന്ന് പുറത്താകാതെ എഴുപത്തിയഞ്ച് റൺസ് അടിച്ചുകൂട്ടിയ ഷാനിഫ് മരക്കാറാണ്. ക്രിക്കറ്റ് തന്റെ ഹരമാണെന്നും ഈ കളി ഒരു പ്രത്യേക അനുഭൂതിയാണ് നൽകുന്നതെന്നും സീ ഹോഴ്സ് സെയിലേഴ്സ് താരവും നടനുമായ ഉണ്ണി മുകുന്ദൻ പ്രതികരിച്ചു. സിനിമയിലെയും ടെലിവിഷനിലെയും നിരവധി പ്രമുഖ താരങ്ങൾ ടീമുകളെ പ്രോത്സാഹിപ്പിക്കാൻ ഗ്രൗണ്ടിൽ സജീവമായുണ്ട്.ലോകത്താദ്യമായി സി.സി.എഫ് അവതരിപ്പിച്ച 100X എന്ന പുതിയ ഫോർമാറ്റ് വൻ വിജയമായി മാറി. കളിക്കാരിൽ കൂടുതൽ കാര്യക്ഷമതയും ഊർജ്ജവും നൽകുന്ന ഈ രീതി എല്ലാവരും ആവേശത്തോടെയാണ് ഏറ്റെടുത്തത്. രണ്ടാം സെമി ഫൈനലിൽ റൈനോ റേഞ്ചേഴ്സിനെ 88 റൺസിൽ പരാജയപ്പെടുത്തി ചീറ്റാ ചേസേഴ്സും ഫൈനലിൽ പ്രവേശിച്ചു. കലാശപ്പോരാട്ടത്തിലെ വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും സി.സി.എഫ് 100X ട്രോഫിയും സമ്മാനിക്കും.
സി.സി.എഫ് പ്രീമിയർ ലീഗ്: സീ ഹോഴ്സ് സെയിലേഴ്സും ചീറ്റാ ചേസേഴ്സും ഫൈനലിൽ; ആവേശപ്പോരാട്ടം ഇന്ന്
