സൗദി അറേബ്യ: സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ കാലാവസ്ഥ വീണ്ടും അസ്ഥിരമാകുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ചില മേഖലകളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇടത്തരം മുതൽ ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ താഴ്ന്ന മേഖലകളിലും വെള്ളം ഒഴുകിയെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ട്. അതിനാൽ സുരക്ഷിതമായ ഇടങ്ങളിൽ തുടരാനും താഴ്‌വരകൾ, വാദികൾ, വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകന്നുനിൽക്കാനും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറൽ നിർദേശിച്ചു.
മക്കയിൽ കനത്ത മഴയ്ക്കും ആലിപ്പഴത്തിനും സാധ്യത
മക്ക മേഖലയിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനൊപ്പമുള്ള കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയരുകയും കാഴ്ചപരിധി ഗണ്യമായി കുറയുകയും ചെയ്യാൻ സാധ്യതയുണ്ട്.
മക്ക നഗരം, അൽ കാമിൽ, അൽ ജുമും, ബഹ്ര, തായിഫ്, മൈസാൻ, അദാം, അൽ അർദിയാത്ത് എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. അതേസമയം അൽ ലിത്ത്, അൽ ഖുൻഫുദ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ജിസാൻ, അസീർ, അൽ ബാഹയിലും മഴ
ജിസാൻ, അസീർ, അൽ ബാഹ മേഖലകളിലും ഇടത്തരം മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മദീന, ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
വാദികളിലേക്കും പ്രളയജലത്തിലേക്കും പോകരുത്
മഴ ശക്തമാകുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകുന്നതും വാദികളിൽ ഇറങ്ങുന്നതും അധികൃതർ കർശനമായി ഒഴിവാക്കാൻ നിർദേശിച്ചു. പ്രളയജലത്തിൽ നീന്താൻ ശ്രമിക്കുന്നതും അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്.
അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ ചാനലുകളിലൂടെയും പുറത്തുവിടുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. മഴയുടെ ശക്തി കുറഞ്ഞാലും ഒഴുക്കും വെള്ളക്കെട്ടും അപകടസാധ്യതയും തുടരാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് കാലയളവിൽ അനാവശ്യ യാത്രകളും അപകടകരമായ സ്ഥലങ്ങളിലേക്കുള്ള പ്രവേശനവും ഒഴിവാക്കുന്നതാണ് സുരക്ഷിതം.
