ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ;

പീരുമേട് :വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ മാട്ടുംകൂട് ഭാഗത്തെ ആഞ്ഞിലിക്കാവ് ദേവീക്ഷേത്രത്തിലുണ്ടായ മോഷണത്തിൽ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി വണ്ടിപ്പെരിയാർ പോലീസ്. മോഷ്‌ടിച്ച തൊണ്ടിമുതലും നേർച്ചപ്പൈസയും പൂർണ്ണമായി കണ്ടെടുത്തു.
ബുധനാഴ്ച രാവിലെയാണ് ക്ഷേത്രത്തിൽ മോഷണം നടന്ന വിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിന്റെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിളക്കുകൾ, ഓട്ടുരുളികൾ, കുട്ടകം, വെള്ളിക്ക്ടം, നേർച്ചപ്പെട്ടി പൊട്ടിച്ചെടുത്ത പൈസ ഉൾപ്പെടെ ഏകദേശം 5 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. ഉടൻതന്നെ വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും 12 മണിക്കൂറിനുള്ളിൽ പ്രതികളെ വലയിലാക്കുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. ഒന്നാം പ്രതി വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റ് ലയത്തിൽ അരുൺ (33), നെല്ലിമല ആറ്റോരം ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ രഞ്ജിത്ത് (30), ചോറ്റുപാറ കോണിമാറാ എസ്റ്റേറ്റ് ലയത്തിൽ ശിവ (30) എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രത്തിന് തൊട്ടടുത്തായി തനിച്ചു താമസിക്കുന്നയാളാണ് രണ്ടാം പ്രതിയായ രഞ്ജിത്ത്. ഇവിടെ സ്ഥിരമായി അരുണും ശിവയും എത്താറുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി അരുണിന്റെ ആസൂത്രണത്തിലാണ് മോഷണം നടത്തിയത്. അരുൺ ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്ന് അകത്തുകയറി സ്റ്റോർറൂംകുത്തിത്തുറക്കുകയും, മറ്റൊരു വാതിൽ തുറന്നുകൊടുക്കുകയും ചെയ്തു. തുടർന്ന് മൂവരും ചേർന്ന് അകത്തുകടന്ന് സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ രഞ്ജിത്തിന്റെ വീടിന് സമീപത്തുള്ള തേയിലത്തോട്ടത്തിലാണ് ഒളിപ്പിച്ചു വെച്ചിരുന്നത്.

ഏറ്റവും വിലപിടിപ്പുള്ള വെള്ളിക്കുടം വിൽക്കുന്നതിനായി, നേർച്ചപ്പെട്ടിയിൽ നിന്നെടുത്ത പണവുമായി രഞ്ജിത്തിനെ ഒന്നാം പ്രതി കോട്ടയത്തേക്ക് അയച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തുനിന്നും രഞ്ജിത്ത് പിടിയിലായത്. മറ്റ് രണ്ട് പ്രതികളെ സംഭവസ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിന്റെ അന്വേഷണത്തിൽ ഇടുക്കി ഡോഗ് സ്ക്വാഡിലെ ‘ഇവ’ എന്ന പോലീസ് നായ പ്രതികളെ കണ്ടെത്താൻ നിർണായക തുമ്പ് നൽകി.

വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർമാരായ അക്ബർ സാദിഖ്, അനിൽകുമാർ, ജെയ് ജോൺ, എ.എസ്.ഐ ബിനോയ്, സതീഷ് ചന്ദ്രൻ, സന്തോഷ് റെജിമോൻ, സി.പി.ഒമാരായ ബഷീർ, സനിൽ, എസ്.സി.പി.ഒ രതീഷ് എന്നിവരടങ്ങുന്ന പോലീസ്‌ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *