പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കന്‍റോൺമെന്‍റ് സി ഐ സതീഷ് കുമാറും എസ്ഐ ജി ഗോകുലും കാരണം കാണിക്കൽ നോട്ടീസ് നല്‍കി. നാല് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കിയ കാണിക്കൽ നോട്ടീസിൽ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായ പ്രകോപനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കേസിലെ പ്രതിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായ നന്ദനെ, എസ് ഐ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് സി ഐ സതീഷ് കുമാര്‍ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. രണ്ട് കാര്യങ്ങളും സേനയുടെ അച്ചടക്കം ലംഘിച്ചുള്ളതാണെന്ന് സെപ്ഷ്യല്‍ ബ്രാഞ്ചിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തലസ്ഥാനത്തെ സംഘർഷങ്ങൾക്കും പോർവിളിക്കും പിന്നാലെ അവധിയിൽ പോയ കന്‍റോൺമെന്‍റ് എസ്എച്ച്ഒയെ ആഭ്യന്തരവകുപ്പ് തിരികെ വിളിപ്പിച്ചു. എസ് എച്ച് ഒ അവധിയിൽ പോയതും എസ് ഐ ഗോകുൽ ഗോപനെ പരിശീലനത്തിന് വിട്ടതിലും വ്യാപകമായ പ്രതിഷേധം കോൺഗ്രസ് സൈബറിങ്ങളിലുണ്ടായതോടെയാണ് ആഭ്യന്തര വകുപ്പിന്‍റെ തിരക്കിട്ട നീക്കമുണ്ടായത്. എസ്എച്ച്ഒയെയും എസ്ഐയെയും 10 ദിവസത്തിനുള്ളിൽ മാറ്റണമെന്നായിരുന്നു എസ്എഫ്ഐയുടെയും സിപിഎമ്മിൻ്റെയും ആവശ്യം. അവധി വിവാദത്തിലായതോടെയാണ് എസ്എച്ച്ഒ സതീഷ് കുമാറിനെ തിരികെ വിളിപ്പിച്ചത്.
