​’ടോക്സിക്കി’ൽ ഗീതു മോഹൻദാസ് കൊണ്ടുവന്നത് പുതുമയുള്ള ഇമോഷണൽ ഡെപ്പ്ത്ത്; ‘ഫീമെയിൽ ഗേസി’നെക്കുറിച്ച് മനസ്സ് തുറന്ന് യാഷ്

​കൊച്ചി: കെ.ജി.എഫിന്റെ വൻ വിജയത്തിന് ശേഷം കന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് താരം. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിച്ച്, പ്രശസ്ത മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രത്തിലെ ഇമോഷണൽ ഡെപ്പ്ത്തിനെ കുറിച്ചും കഥാപ്രാധാന്യത്തെക്കുറിച്ചും യാഷ് മനസ്സ് തുറന്നു. സംവിധായിക ഗീതു മോഹൻദാസ് തികച്ചും വ്യത്യസ്തമായ ഒരു ‘ഫീമെയിൽ ഗേസിലൂടെയാണ്’ (Female gaze) ഈ ചിത്രത്തിന് പുത്തൻ കാഴ്ചപ്പാട് നൽകിയതെന്ന് യാഷ് വെളിപ്പെടുത്തി.​ഒരു വനിതാ സംവിധായികയ്ക്കൊപ്പം പ്രവർത്തിച്ചത് ചിത്രത്തിലെ ചില വികാരങ്ങളും ബന്ധങ്ങളും സാഹചര്യങ്ങളും കൈകാര്യം ചെയ്ത രീതിയെ പൂർണ്ണമായി മാറ്റിയതായി യാഷ് പങ്കുവെച്ചു. പുരുഷൻമാരും സ്ത്രീകളും ജീവിതത്തെ നോക്കിക്കാണുമ്പോൾ എപ്പോഴും അവിടെയൊരു വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാകുമെന്നും, പുരുഷൻമാർ പലപ്പോഴും ശ്രദ്ധിക്കാതെ വിട്ടുപോകുന്ന വികാരങ്ങളെ വളരെ പുതുമയുള്ളതും ആഴമേറിയതുമായ രീതിയിൽ അവതരിപ്പിക്കാൻ ഗീതുവിന് സാധിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.​”ഒരു സാഹചര്യത്തിൽ പുരുഷന് പ്രധാന്യമുള്ളതായി തോന്നുന്ന കാര്യമായിരിക്കില്ല ഒരുപക്ഷേ സ്ത്രീ കൂടുതൽ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ആ ഒരു കാഴ്ചപ്പാട് വളരെ പുതുമയുള്ളതും ആഴമേറിയതുമായി മാറുന്നു,” യാഷ് വ്യക്തമാക്കി.​’ടോക്സിക്’ ഒരു ഗ്യാങ്സ്റ്റർ ഡ്രാമയുടെ ദൃശ്യഭംഗിയും തീവ്രതയും ഉൾക്കൊള്ളുന്ന ചിത്രമാണെങ്കിലും, സാധാരണ കൊമേഴ്സ്യൽ സിനിമകളുടെ രീതികൾക്കപ്പുറം ധാർമ്മികമായി സങ്കീർണ്ണമായ കഥാപാത്രങ്ങളെയും യഥാർത്ഥ വികാരങ്ങളെയും മനുഷ്യന്റെ ബലഹീനതകളെയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ വെറും സാധാരണ സഹനടമാരായിട്ടല്ല ചിത്രീകരിച്ചിരിക്കുന്നത്. മറിച്ച്, കഥയ്ക്കുള്ളിൽ കൃത്യമായ വ്യക്തിത്വവും സ്വന്തമായ നിലപാടുകളുമുള്ള മനുഷ്യരായാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഏത് സാഹചര്യത്തിലും അതിജീവിക്കാൻ കെൽപ്പുള്ളവരുമായ ശക്തരായ സ്ത്രീകളാണ് ചിത്രത്തിലുള്ളതെന്നും താരം കൂട്ടിച്ചേർത്തു.​സ്ഥിരം ഫോർമുല സിനിമകളിൽ നിന്ന് മാറി, കൂടുതൽ സൂക്ഷ്മവും കലാപരമായി വെല്ലുവിളിയുയർത്തുന്നതുമായ പ്രമേയങ്ങൾ പരീക്ഷിക്കാനുള്ള ആഗ്രഹത്തിൽ നിന്നാണ് താൻ ‘ടോക്സിക്’ തിരഞ്ഞെടുക്കാൻ കാരണമെന്നും യാഷ് വ്യക്തമാക്കി. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതരിയ, രുക്മിണി വസന്ത് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വൈകാരികമായ കഥപറച്ചിലും വലിയ തോതിലുള്ള സിനിമാറ്റിക് ദൃശ്യവിരുന്നും സമന്വയിപ്പിച്ച്, ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു ഇന്ത്യൻ സിനിമയായാണ് ‘ടോക്സിക്’ അണിയറയിൽ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *