പാറ്റ പരാമർശം തെറ്റായി പ്രചരിപ്പിച്ചു ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ‘പാറ്റ’ പരാമർശത്തെ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിച്ചവർക്കെതിരേ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) അടക്കമുള്ളവർക്കെതിരേ അന്വേഷണമാവശ്യപ്പെട്ട ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നോട്ടീസയച്ചത്. കേന്ദ്ര സർക്കാരിനും സി.ബി.ഐ.ക്കുമാണ് നോട്ടീസ്. അഭിഭാഷകനായ രാജ ചൗധരിയാണ് അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതിയിൽ ഫയൽചെയ്തത്.മേയ് 15-ന് ഡൽഹി ഹൈക്കോടതി രജിസ്ട്രാർ ജനറലുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവേ, വ്യാജ അഭിഭാഷകരേയും ജുഡീഷ്യൽ സംവിധാനത്തിന്റെ അന്തസ്സ് കെടുത്തുന്ന തെറ്റായ പ്രവണതകളേയും ചൂണ്ടിക്കാണിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പാറ്റ എന്ന പദം ഉപമയായി ഉപയോഗിച്ചത്. എന്നാൽ ഈ വാക്ക് യഥാർഥ സന്ദർഭത്തിൽനിന്ന് വേർപ്പെടുത്തി, എഡിറ്റുചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഉപയോഗിച്ച പാറ്റ (Cockroach) എന്ന വാക്ക്, ബോധപൂർവം വെട്ടിയെടുത്ത് തിരുത്തലുകൾ വരുത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് രാജ ചൗധരി സുപ്രീംകോടതിയിൽ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *