കാട്ടാക്കട: വിദ്യാർഥികളുടെ പഠനമികവിനെയും തൊഴിൽനൈപുണ്യത്തെയും അംഗീകരിച്ച് ഭാവിയിലെ തൊഴിൽസാധ്യതകൾക്ക് കൂടുതൽ കരുത്തേകുക എന്ന ലക്ഷ്യത്തോടെ മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കരുതൽ 2026’ പരിപാടി ശ്രദ്ധേയമായി.
വിദ്യാർഥികൾ പഠനകാലയളവിൽ കൈവരിച്ച നേട്ടങ്ങളെ ആദരിക്കുന്നതിനും തൊഴിൽരംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലുന്നതിനാവശ്യമായ പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് എൽബിഎസ് ഹോസ്പിറ്റൽ ഫമിലിയറൈസേഷൻ സർട്ടിഫിക്കറ്റ്, യൂണിവേഴ്സിറ്റി മാർക്ക് ഷീറ്റ്, സി.വി. പ്രിപ്പറേഷൻ സർട്ടിഫിക്കറ്റ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.
ആരോഗ്യരംഗത്ത് മികച്ച തൊഴിൽസാധ്യതകൾ കണ്ടെത്തുന്നതിനും ആവശ്യമായ പ്രായോഗിക പരിചയവും വ്യക്തിത്വവികസനവും കൈവരിക്കുന്നതിനും ഇത്തരം പരിശീലനങ്ങളും അംഗീകാരങ്ങളും വിദ്യാർഥികൾക്ക് സഹായകരമാകുമെന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവെച്ചത്.
ഫാമിലി പ്ലാനിംഗ് അസോസിയേഷൻ ബ്രാഞ്ച് മാനേജർ ഡോ. ശോഭ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. മാതാ കോളേജ് ചെയർപേഴ്സൺ ഡോ. ജിജി ജോസഫ്, മാനേജിംഗ് ഡയറക്ടർ ജ്യോതീഷ് സുബാഷ്, കോർഡിനേറ്റർ അലക്സ് ജെയിംസ്, പ്രിൻസിപ്പൽ ഗായത്രി, അധ്യാപകരായ അനീഷ, രേഷ്മ, രേവതി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പഠനത്തിനൊപ്പം തൊഴിൽനൈപുണ്യവും വ്യക്തിത്വവികസനവും പ്രാധാന്യത്തോടെ കാണുന്ന മാതാ കോളേജിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മറ്റൊരു അധ്യായമായി ‘കരുതൽ 2026’ മാറി.
