ശബരിമല തീര്‍ത്ഥാടകര്‍ക്ക് രണ്ടുലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ്; ബുക്കിങ് ദിനത്തിന്റെ തലേന്ന് മുതല്‍ പരിരക്ഷ; പദ്ധതി എല്‍ഐസിയുമായി സഹകരിച്ച്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. എല്‍ഐസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ, തീര്‍ത്ഥാടനത്തിനിടെ മരണപ്പെടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവ വഴി ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നതിന്റെ തലേദിവസം മുതല്‍ മൂന്ന് ദിവസത്തേക്കായിരിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ത്ഥാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും നട തുറക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാകുമെന്നും കെ ജയകുമാര്‍ പറഞ്ഞു. തീര്‍ത്ഥാടക കേന്ദ്രീകൃതമായ തീരുമാനങ്ങളാണ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. എല്ലാ മരാമത്ത് പണികളും പൂര്‍ത്തിയായിക്കഴിഞ്ഞു. മലകയറുമ്പോള്‍ വിശ്രമിക്കാന്‍ ഇരിപ്പിടങ്ങളില്ലെന്ന പരാതി പരിഹരിക്കുന്നതിനായി 200 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കസേരകള്‍ സ്ഥാപിച്ചു. കൂടാതെ നിലയ്ക്കലില്‍ രണ്ടായിരത്തോളം പേര്‍ക്ക് ഒരേസമയം വിശ്രമിക്കാന്‍ സാധിക്കുന്ന രണ്ട് വലിയ പന്തലുകളും ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *