കൊച്ചിയുടെ കായൽ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ആകർഷണമായി ആഡംബര ഹൗസ് ബോട്ട് ‘സൺറൈസ്’ എത്തി. കൊച്ചിയിലെ കായൽ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദവും ആഡംബരപൂർണവുമായ യാത്രാനുഭവം ഒരുക്കുകയാണ് പുതിയ ഹൗസ് ബോട്ടിലൂടെ ലക്ഷ്യമിടുന്നത്. ഹൗസ് ബോട്ടിന്റെ ഉദ്ഘാടനം കൊച്ചി മേയർ വി.കെ. മിനിമോൾ നിർവഹിച്ചു.
എംഎൽഎമാരായ ടി ജെ വിനോദ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി കായലിൽ രാത്രി ഉറങ്ങാനുള്ള സൗകര്യം ഉൾപ്പെടെയുള്ള ഉള്ള ഹൗസ് ബോട്ട് ഇതാദ്യമായാണ് സർവീസിനൊരുങ്ങുന്നത്. നഗര, ഗ്രാമീണ ഭംഗി ഒരുപോലെ ആസ്വദിക്കാം എന്നതാണ് സൺറൈസ് ഹൗസ് ബോട്ട് ക്രൂയിസിന്റെ പ്രത്യേകത. ഒരേ സമയം 24 പേർക്ക് താമസിക്കാം. ഡേ പാക്കേജ്, ഡിന്നർ പാക്കേജ് എന്നിവ ലഭ്യമാണ്. 30 പേരുണ്ടെങ്കിൽ പാക്കേജ് എടുത്ത് നഗര, ഗ്രാമീണ ഭംഗി ആസ്വദിക്കാം. പെപ്പർ ദ്വീപിലെ ആക്ടിവിറ്റികളിലും പങ്കെടുക്കാം.
