സാമൂഹ്യ മാധ്യമങ്ങളെ ഉത്തരവാദിത്തത്തോടെയും ഫലപ്രദമായും ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് ലോക സോഷ്യല്‍ മീഡിയ ദിനാചരണ ചര്‍ച്ച

ദോഹ: ലോക സോഷ്യല്‍ മീഡിയ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് ദോഹ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം, സാമൂഹ്യ മാധ്യമങ്ങളെ സമൂഹനന്മയ്ക്കും അറിവിന്റെ പ്രചാരണത്തിനും മാനുഷിക മൂല്യങ്ങളുടെ വളര്‍ച്ചയ്ക്കും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.

പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സാമൂഹ്യ മാധ്യമങ്ങള്‍ ആധുനിക ലോകത്തിന്റെ ആശയവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, ഈ ശക്തമായ മാധ്യമം സമൂഹപുരോഗതിക്കും ജനകീയ ഇടപെടലുകള്‍ക്കും കൂടുതല്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും പറഞ്ഞു.

സൈക്കോളജിസ്റ്റ് ആയിഷ സൈബുല്‍ അസ്റ്റ സോള്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം മാനസികാരോഗ്യത്തിലും കുടുംബബന്ധങ്ങളിലും ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചും ഡിജിറ്റല്‍ യുഗത്തില്‍ മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ വിശദീകരിച്ചു. പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും സാമൂഹ്യ മാധ്യമ ഉപയോഗത്തില്‍ മാതാപിതാക്കളും അധ്യാപകരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നാണ് സാമൂഹ്യ മാധ്യമങ്ങളെന്നായിരുന്നു ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടത്. ലോകത്തിന്റെ ഏത് കോണിലുള്ള ആളുമായും നിമിഷങ്ങള്‍ക്കകം ബന്ധപ്പെടാനും അറിവ് കൈമാറാനും ബിസിനസ് വികസിപ്പിക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയ വലിയ അവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഒരുകാലത്ത് കത്തുകളിലൂടെയും ടെലിഫോണ്‍ കോളുകളിലൂടെയും മാത്രം സാധ്യമായിരുന്ന ആശയവിനിമയം ഇന്ന് ഒരു സ്പര്‍ശനത്തിലൂടെ സാധ്യമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

അതേസമയം, ഈ ശക്തമായ മാധ്യമത്തെ ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയും ഉപയോഗിക്കേണ്ടത് ഓരോ ഉപയോക്താവിന്റെയും കടമയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തുക, വ്യാജവാര്‍ത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിക്കാതിരിക്കുക, സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കുക, അശ്ലീലവും അധാര്‍മികവുമായ ഉള്ളടക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, സമൂഹത്തിന് ഗുണകരമായ അറിവുകളും പ്രചോദനാത്മകമായ ആശയങ്ങളും പങ്കുവയ്ക്കുക, മനുഷ്യസ്‌നേഹം, പരസ്പര ബഹുമാനം, ഡിജിറ്റല്‍ മര്യാദ എന്നിവ ഉയര്‍ത്തിപ്പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

‘സാങ്കേതികവിദ്യ മനുഷ്യനെ സേവിക്കാനാണ് ഉണ്ടായത്; മനുഷ്യന്‍ സാങ്കേതികവിദ്യയുടെ അടിമയാകാനല്ല’ എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടിയ ചര്‍ച്ചയില്‍, സാമൂഹ്യ മാധ്യമങ്ങളെ അറിവിന്റെയും സൗഹൃദത്തിന്റെയും സാമൂഹിക നന്മയുടെയും വേദിയാക്കി മാറ്റേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് വിലയിരുത്തി. മനുഷ്യരെ വിഭജിക്കുന്നതിനല്ല, പരസ്പരം ബന്ധിപ്പിക്കുന്നതിനും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനുമാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടേണ്ടതെന്നും, ഇരുതല മൂര്‍ച്ചയുള്ള വാളുപോലെ അതീവ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും ഈ മാധ്യമത്തെ സമീപിക്കണമെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, ഷാനു ഗ്രീന്‍ ജോബ്‌സ്, ഷംല ജഅ്ഫര്‍, ഉവൈസ് ഉസ്മാന്‍, ബിന്ദു ചന്ദ്രന്‍, ഷഫീഖ് അല്‍ മാസ്, ഹഫീസുല്ല കെ.വി, മുനീര്‍ തൂലിക, സിദ്ദീഖ് ചെറുവല്ലൂര്‍, റാഫി പാറക്കാട്ടില്‍, ജാസ്മിന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ആശയങ്ങള്‍ പങ്കുവെച്ചു.

സാമൂഹ്യ മാധ്യമങ്ങളെ ഉത്തരവാദിത്തത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശക്തമായ സന്ദേശം സമൂഹത്തിന് പകര്‍ന്നുകൊണ്ടാണ് ലോക സോഷ്യല്‍ മീഡിയ ദിനാചരണ ചര്‍ച്ച സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *