കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ പാലമൃതം പദ്ധതിക്ക് തുടക്കമായി

കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ വിദ്യാർത്ഥികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി പാലമൃതം പദ്ധതി ആരംഭിച്ചു. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 11.20ന് വിദ്യാർത്ഥികൾക്ക് പാൽ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ആഴ്ചയിൽ രണ്ട് ദിവസം സർക്കാരിന്റെ ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായും, ശേഷിക്കുന്ന മൂന്ന് ദിവസം പാലമൃതം പദ്ധതിയിലൂടെയുമാണ് പാൽ വിതരണം ചെയ്യുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ നിർവഹിച്ചു. സയൻസ്, മാത്സ്, ഇംഗ്ലീഷ്, വിദ്യാരംഗം കലാ-സാഹിത്യ വേദി ക്ലബ്ബുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ കള്ളിക്കാട് ഭുവനേന്ദ്രൻ നിർവഹിച്ചു.

ഗാന്ധിദർശൻ, കാർഷിക ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാ. ബിനു വർഗീസ് നിർവഹിച്ചു. പഠന പിന്തുണ പ്രവർത്തനമായ മധുരമൊഴി പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട ബി.ആർ.സി ട്രെയിനർ ബിപിൻ നിർവഹിച്ചു. യോഗ ഇൻസ്ട്രക്ടർ ജയലക്ഷ്മി യോഗ ക്ലാസുകൾക്ക് തുടക്കം കുറിച്ചു.

പരിപാടിയിൽ ഹെഡ്മാസ്റ്റർ സെൽവരാജ് സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ദിവ്യ മോഹൻ, എം.പി.ടി.എ പ്രസിഡന്റ് പ്രിയ രാജീവ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി സിൻസി കെ. ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കലാ-സാംസ്കാരിക പരിപാടികളും വിവിധ മികവുകളും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *