അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ച് കേബിൾ സ്ഥാപിക്കാനുള്ള നീക്കം; എയർടെൽ കമ്പനിയുടെ പ്രവൃത്തി നാട്ടുകാർ തടഞ്ഞു

കള്ളിക്കാട്: പഞ്ചായത്തിന്റെയോ ബന്ധപ്പെട്ട അധികാരികളുടെയോ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ച് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാനുള്ള എയർടെൽ കമ്പനിയുടെ നീക്കം നാട്ടുകാരും വാർഡ് മെമ്പറും ചേർന്ന് തടഞ്ഞു.

കള്ളിക്കാട് പഞ്ചായത്തിലെ നിരപ്പുകാല വാർഡിൽ ഇടവാച്ചൽ–ഉലയൻകോണം റോഡിലാണ് സംഭവം. അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ച് കേബിൾ സ്ഥാപിക്കുന്ന വിവരം അറിഞ്ഞതിനെത്തുടർന്ന് വാർഡ് മെമ്പർ സുമയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തെത്തി പ്രവൃത്തി തടയുകയായിരുന്നു.

തുടർന്ന് ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആവശ്യമായ അനുമതി വാങ്ങുകയും റോഡ് പൂർവസ്ഥിതിയിലാക്കി നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്താൽ മാത്രമേ തുടർപ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും വ്യക്തമാക്കി.

റോഡിനുണ്ടായ നാശനഷ്ടങ്ങൾ പരിഹരിച്ച് പൂർവസ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അനുമതിയില്ലാതെ പ്രവൃത്തി നടത്തിയതിൽ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എൻജിനീയർ ഉറപ്പുനൽകി.

ഇതോടെയാണ് കമ്പനിയുടെ പ്രവൃത്തി പൂർണമായും നിർത്തിവെപ്പിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ പൊതുറോഡുകൾ വെട്ടിപ്പൊളിക്കുന്ന ഇത്തരം നടപടികൾക്കെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *