കൊച്ചി: സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുക എന്നത് മാത്രമല്ല, മികച്ചതും നല്ലതുമായ ഭക്ഷണരീതി കൂടി നിത്യേന ശീലിച്ചാലേ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ എന്ന ആശയം നിരന്തരം സ്കൂൾ വിദ്യാർത്ഥികളിൽ പ്രചരിപ്പിക്കുന്നതിനാണ് തൃപ്പൂണിത്തുറ എൻ. എസ്. എസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ തീർത്ഥ വിവേകിന് മികച്ച ഫുഡ് കമ്യൂണിക്കേറ്റർക്കുള്ള മദർ തെരേസ അവാർഡ് നൽകി കാസർഗോഡ് തണൽ സൊസൈറ്റി ആദരിച്ചത്. കാസർഗോഡ് എം എൽ എ കല്ലട്ര മഹിൻ തീർത്ഥ വിവേകിന് മദർ തെരേസ അവാർഡ് നൽകി ആദരിച്ചു. ഓർഗനൈസേഷൻ ഫോർ ഫുഡ് സേഫ്റ്റി സൊല്യൂഷൻസ് ആൻഡ് അവയർനസ് (ഒഫ്സ്സ) യുടെ ദേശീയ വെബ്ബിനാർ മോഡറേറ്ററായ തീർത്ഥ വിവേകിന്റെ നേതൃത്വത്തിൽ 37 അധികം സ്കൂളുകളിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണം നടത്തി മുന്നേറുകയാണ് . കേരളത്തിനു പുറമേ തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലും ഭക്ഷ്യസുരക്ഷാ ബോധവൽക്കരണം നടത്തുന്നുണ്ട് കുട്ടി തീർത്ഥ.
വിവിധ ഹോസ്പിറ്റലുകളിലെ പ്രശസ്തരായ പീഡിയാട്രിക് ഡോക്ടർമാരുടെ സഹായവും പിന്തുണയും തീർത്ഥയ്ക്ക് ഈ ദൗത്യത്തിന് ലഭിക്കുന്നുണ്ട്. പല രോഗങ്ങളുടെയും മൂലകാരണം തെറ്റായ ഭക്ഷണരീതി അവലംബിക്കുന്നതും ജങ്ക് ഫുഡ്സിന്റെ അമിതമായ ഉപയോഗവുമാണ് എന്ന തിരിച്ചറിവാണ് ഭക്ഷ്യസുരക്ഷാ ബോധവൽക്കരണം നടത്തുവാൻ ഈ കൊച്ചു മിടുക്കിക്ക് പ്രേരണയായത്. തൃപ്പൂണിത്തുറ ശ്രീ ഗണപതിമഠത്തിൽ ഹൈക്കോടതി അഭിഭാഷകൻ വിവേക് കെ. വിജയന്റെയും ഡോ. സൗമ്യ വിവേകിൻ്റെയും ഏക മകളാണ് തീർത്ഥ.
