പീരുമേട്ടിൽ വീണ്ടും കാട്ടാനയാക്രമണം: വീടും കൃഷിയും തകർത്തു; അടിയന്തര നടപടി വേണമെന്ന് പഞ്ചായത്ത് അധികൃതർ

പീരുമേട്: പീരുമേട് മേഖലയിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുന്നു. ഇന്ന് പുലർച്ചെയോടെ പീരുമേട് പ്ലാക്കാത്തടം സ്വദേശി പുത്തൻപുരക്കൽ ബിജുവിന്റെ വീട് കാട്ടാന തകർത്തു. വീടിന് കാര്യമായ നാശനഷ്ടം വരുത്തിയ ആന കൃഷികളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
പെട്ടെന്നുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ബിജുവും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കഴിഞ്ഞ കുറച്ചുകാലമായി ഈ പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം ജനങ്ങളിൽ ഭീതി പരത്തുന്നുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ജനവാസ മേഖലയിലിറങ്ങി വീടും കൃഷിയിടവും തകർക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയത്.
പഞ്ചായത്ത് ഭരണസമിതി
സംഭവസ്ഥലം സന്ദർശിച്ച പീരുമേട് പഞ്ചായത്ത് അധികൃതർ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നതെന്ന് ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, വൈസ് പ്രസിഡന്റ് മനോജ് രാജൻ എന്നിവർ ആവശ്യപ്പെട്ടു.
തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്ന് സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്ത് മെമ്പർമാരായ അനീഷ് സി.കെ, ശേഖർ തുടങ്ങിയവരും നാട്ടുകാരും ആവശ്യപ്പെട്ടു. കാട്ടാനകളെ ജനവാസ മേഖലയിൽ നിന്ന് തുരത്താൻ ദ്രുതകർമ്മ സേനയെ നിയോഗിക്കണമെന്നും, വീടും കൃഷിയും നഷ്ടപ്പെട്ട ബിജുവിന് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കണമെന്നുമാണ് ജനപ്രതിനിധികളുടെ പ്രധാന ആവശ്യം.
പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *