പീരുമേട്: വണ്ടിപ്പെരിയാർ ഗ്രാമ്പി ജനവാസ മേഖലയിൽ കടുവയിറങ്ങി വളർത്തുപശുവിനെ ആക്രമിച്ചു. വണ്ടിപ്പെരിയാർ പഞ്ചായത്ത് അംഗം മതിയഴകന്റെ പശുവിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ കടുവ ആക്രമിച്ചത്. മൂന്നാറിൽ നിന്നും പിടികൂടി പെരിയാർ ടൈഗർ റിസർവ്വ് ഉൾക്കാട്ടിൽ തുറന്നുവിട്ട, റേഡിയോ കോളർ ഘടിപ്പിച്ച കടുവയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
കടുവയുടെ പിടിയിൽ നിന്നും എങ്ങനെയോ രക്ഷപെട്ടോടിയ പശുവിനെയാണ് പിന്നീട് കണ്ടെത്തിയത്. മൃഗത്തിന്റെ ബഹളം കേട്ട് പ്രദേശവാസികൾ ഓടിക്കൂടി തിരച്ചിൽ നടത്തിയതോടെ കടുവ സമീപത്തെ കാടിനുള്ളിലേക്ക് ഓടിമറയുകയായിരുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവയുടെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിൽ നിന്നുള്ള സിഗ്നലുകൾ വഴി കടുവയുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ നിലവിൽ വനംവകുപ്പിന് സാധിച്ചിട്ടില്ലെന്നത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.
ഒരാഴ്ച മുൻപാണ് ഇതേ പ്രദേശത്ത് പുലിയുടെ സാന്നിധ്യവും കണ്ടെത്തിയത്. ഇതിന് പിന്നാലെ കടുവയുടെ ആക്രമണം കൂടിയായതോടെ തങ്കമല, ഗ്രാമ്പി, വള്ളക്കടവ് പ്രദേശങ്ങളിലെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. അടിയന്തരമായി വനംവകുപ്പ് അധികൃതർ ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കണമെന്നും, അക്രമകാരികളായ വന്യമൃഗങ്ങളെ ജനവാസ മേഖലയിൽ നിന്നും തുരത്താൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി; വളർത്തുപശുവിനെ ആക്രമിച്ചു, ജനങ്ങൾ ഭീതിയിൽ
