ആര്യനാട് പോലീസ് സ്റ്റേഷനിലെ സി.ഐ. സജിൻ ലൂയിസ് ഉദ്ഘാടനം നിർവഹിച്ചു
തിരുവനന്തപുരം: യുവജനങ്ങളുടെ കലാ-കായിക കഴിവുകൾക്ക് പ്രോത്സാഹനമേകുന്നതിനും സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നതിനുമായി രൂപീകരിച്ച വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനച്ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു.
ആര്യനാട് പോലീസ് സ്റ്റേഷനിലെ സി.ഐ. സജിൻ ലൂയിസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ഷിജാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുഫിയാൻ ചടങ്ങിൽ അവതാരകനായി. മുസ്തഫ സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ കോൺഗ്രസ് ഡി.സി.സി അംഗം എം. ഇ. അനസ് ആശംസകൾ നേർന്ന് സംസാരിച്ചു. കൗൺസിലർ ഷംന ടീച്ചർ, സത്കർമ്മ ബഷീർ, ശ്രീജിത്ത് ട്രയോണറ്റ് എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു.
ലോകതലത്തിൽ കായികരംഗത്ത് മികവ് തെളിയിച്ച ഗോൾഡ് മെഡൽ ജേതാവ് മിഥുൻ അശോക് ചടങ്ങിൽ പ്രചോദനാത്മക സന്ദേശം നൽകി. ക്ലബ്ബിന്റെ ജേഴ്സി പ്രകാശനവും അംഗത്വ കാർഡ് വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. ക്ലബ്ബിന്റെ മെമന്റോ വിതരണം സെക്രട്ടറി സിദ്ദീഖ് നിർവഹിച്ചു.
യുവജനങ്ങളുടെ കലാ-കായിക കഴിവുകൾ കണ്ടെത്തി വളർത്തുന്നതിനും സാമൂഹിക പ്രതിബദ്ധതയോടെ വിവിധ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും ക്ലബ്ബ് ലക്ഷ്യമിടുന്നു.
ജോയിന്റ് സെക്രട്ടറി സിദ്ധാർത്ഥ് നന്ദി രേഖപ്പെടുത്തി. ഫോട്ടോ സെഷനും സ്നേഹവിരുന്നും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി.
