ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് അരാക്നോളജിക്ക് ഇന്ത്യയില്‍ ആദ്യ വേദിയായി കൊച്ചി; 50 രാജ്യങ്ങളില്‍ നിന്നായി 200-ലേറെ പ്രതിനിധികള്‍
കൊച്ചി: ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്ഥിതിയുടെ സങ്കീര്‍ണമായ സന്തുലിതാവസ്ഥ മനസ്സിലാക്കുന്നതിനും അരാക്നോളജി പോലുള്ള ശാസ്ത്രശാഖകളിലെ ഗവേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. സാങ്കേതികവിദ്യയിലും ശാസ്ത്രത്തിലും അഭൂതപൂര്‍വമായ പുരോഗതി കൈവരിക്കുന്ന ഇക്കാലത്ത് മനുഷ്യനാഗരികത പ്രകൃതിയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നല്ലെന്ന അടിസ്ഥാന യാഥാര്‍ഥ്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഗോകുലം പാര്‍ക്ക് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് അരാക്നോളജിയുടെ 23-ാമത് അന്താരാഷ്ട്ര കോണ്‍ഗ്രസ് ഉദ്ഘാടന ചെയ്യുകയായിരുന്നു മന്ത്രി.
ചിലന്തികളും മറ്റ് അരക്നിഡുകളും പ്രാണികളുടെ എണ്ണം നിയന്ത്രിക്കുന്നതിലും ഭക്ഷ്യശൃംഖലയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്നവയാണ്. ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നാശം തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ അധികം ശ്രദ്ധിക്കപ്പെടാത്ത ജീവിവര്‍ഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സര്‍വകലാശാലകളും കോളേജുകളും ബിരുദങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ എന്നതിലുപരി വിജ്ഞാനസൃഷ്ടിയുടെയും വിമര്‍ശനാത്മക അന്വേഷണത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രങ്ങളായി മാറണം. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ സങ്കീര്‍ണമായ വിഷയങ്ങളെ അഭിമുഖീകരിക്കാന്‍ വിവിധ വിജ്ഞാനശാഖകള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണ്. ശാസ്ത്രീയ കണ്ടെത്തലുകള്‍ സാമൂഹികമായ മാറ്റങ്ങളിലേക്ക് നയിക്കാന്‍ ഫലപ്രദമായ നയങ്ങളും ഭരണസംവിധാനങ്ങളും പൊതുജനപങ്കാളിത്തവും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് അരാക്നോളജിയുടെ പ്രസിഡന്റ് ഡോ. റോസ്മേരി ജി. ഗില്ലസ്പി അധ്യക്ഷത വഹിച്ചു. യൂറോപ്പിലും വടക്കേ അമേരിക്കയിലും കേന്ദ്രീകരിച്ചിരുന്ന സംഘടനയെ യഥാര്‍ഥ അര്‍ഥത്തില്‍ ആഗോള ശാസ്ത്രസമൂഹമാക്കി മാറ്റുകയാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് അരാക്നോളജിയുടെ പ്രധാന ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകരെ ഒരുമിപ്പിക്കുകയും യുവശാസ്ത്രജ്ഞര്‍ക്ക് അവസരങ്ങളും അംഗീകാരങ്ങളും നല്‍കുകയും ചെയ്യുന്ന ശക്തമായ കൂട്ടായ്മയായി സംഘടനയെ വളര്‍ത്തേണ്ടതുണ്ട്. അതിന് ഈ കോണ്‍ഗ്രസ് അവസരമൊരുക്കുമെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് അരാക്നോളജിയുടെ ഒരാഴ്ച നീളുന്ന സമ്മേളനത്തില്‍ 50 രാജ്യങ്ങളില്‍ നിന്നായി 200-ലധികം ശാസ്ത്രജ്ഞരും ഗവേഷകരും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇതില്‍ 140-ഓളം പേര് വിദേശ പ്രതിനിധികളാണ്. തൃക്കാക്കര ഭാരതമാതാ കോളേജും കുറവിലങ്ങാട് ദേവമാതാ കോളേജും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ചിലന്തികള്‍, തേളുകള്‍, ഹാര്വെസ്റ്റ്മെന്, മൈറ്റുകള്‍, ടിക്കുകള്‍ തുടങ്ങിയ അരക്നിഡ് വിഭാഗത്തില്‍പ്പെടുന്ന ജീവികളുടെ ജൈവവൈവിധ്യം, പരിസ്ഥിതിശാസ്ത്രം, പരിണാമം, സംരക്ഷണം തുടങ്ങിയ മേഖലകളിലെ പുതിയ ഗവേഷണങ്ങളും കണ്ടെത്തലുകളും സമ്മേളനം ചര്‍ച്ച ചെയ്യും.
ഭാരതമാതാ കോളേജ് ഗവേണിംഗ് ബോഡി അംഗവും എറണാകുളം അങ്കമാലി അതിരൂപത വികാര്‍ ജനറല്‍ ഡോ. ആന്റോ ചേരന്തുരുത്തി, പ്രിന്‍സിപ്പല്‍ ഡോ. സൗമ്യ തോമസ്, അരാക്നോളജി വിഭാഗം സീനിയര്‍ സയന്റിസ്റ്റും സംഘാടക സമിതി കണ്‍വീനറുമായ ഡോ. മാത്യു എം. ജെ., ദേവമാതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രിയ ജോസഫ്, സുവോളജി വിഭാഗം പ്രൊഫസറും സയന്റിഫിക് കമ്മിറ്റി കണ്‍വീനറുമായ ഡോ. സുനില്‍ ജോസ് കെ. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
