ചികിത്സപ്പിഴവിനെ തുടർന്ന് 56കാരന്റെ വലതുകാൽ മുറിച്ചു മാറ്റിയ സംഭവം: ഡ്യൂട്ടി ഡോക്ടർക്കെതിരെ കേസ്

വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സപ്പിഴവിനെ തുടർന്ന് 56കാരന്റെ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കുന്നുകര വയൽക്കര സ്വദേശി അബ്ദുൾ ജബ്ബാർ നൽകിയ പരാതിയിലാണ് നോർത്ത് പറവൂർ പൊലീസ് കേസെടുത്തത്. തനിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ മുതൽ ആശുപത്രിക്ക് മുന്നിൽ ജബ്ബാർ നടത്തിയ കുത്തിയിരിപ്പ് സമരത്തെ തുടർന്നാണ് പൊലീസ് മൊഴിയെടുത്തതും പിന്നീട് എഫ്ഐആർ റജിസ്റ്റർ ചെയ്തതും.

ജീവനെയോ വ്യക്തിസുരക്ഷയെയോ അപകടപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കൽ, ഗുരുതര പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബിഎൻഎസ് 125, 125(ബി) വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ. ഉച്ചയ്ക്ക് രണ്ടരയോടെ സമരപ്പന്തലിലെത്തിയ സബ് ഇൻസ്പെക്ടർ ബി. ശ്രീജിത്ത് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ഉറപ്പുനൽകി.

കടുത്ത കാൽവേദനയെ തുടർന്ന് ജൂലൈ 26ന് രാത്രി 11.30നാണ് ജബ്ബാർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. വേദന കുറയാത്തതിനാൽ രാത്രിയിൽ തന്നെ രണ്ടുതവണ കൂടി ആശുപത്രിയിലെത്തി. തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ രക്തക്കുഴലുകളിലെ തടസം സമയത്തിന് തിരിച്ചറിയുന്നതിലുണ്ടായ കാലതാമസവും പ്രാഥമിക ചികിത്സയിലെ വീഴ്ചയും കാരണം കാൽമുട്ടു മുതൽ മുറിച്ചുമാറ്റേണ്ടി വന്നു. അതേസമയം, ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *