സിഎംആർഎൽ – എക്സാലോജിക് കേസില്‍ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഷൈജൽ, വാരിഷ്, നന്ദുലാൽ, നിഖിൽ അടക്കമുള്ളവർക്ക് കൊച്ചി ഓഫീസിൽ ഹാജരാകാൻ സമൻസ് നൽകി. ഈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം 2020 ൽ അവസാനിച്ച മാസപ്പടി ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്നും ഷൈജലും വാരിഷും ഇഡിയെ അറിയിച്ചു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട ആദ്യ കേസിലാണ് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾ ഇഡി നോട്ടീസ് നൽകിയത്. ഹൈക്കോടതി സ്റ്റേ ചെയ്തത് വിജിലൻസ് കേസിന്റെ നടപടികൾ മാത്രമെന്നാണ് ഇഡി അറിയിക്കുന്നത്. ടി വീണയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ ഷൈജൽ, വാരിഷ്, നന്ദുലാൽ, നിഖിൽ, എന്നിവരുടെ പേരുകൾ ഉണ്ടായിരുന്നു. മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങി വിദേശത്തേക്ക് ഹവാലയായി കടത്തിയെന്നാണ് വാരിസിനെതിരെയുള്ള പ്രധാന ആരോപണം. ഷൈജൽ, നിഖിൽ എന്നിവർ റിയാസിന് വേണ്ടി പണം കൈകാര്യം ചെയ്തിരുന്നവരാണെന്നും ഇ ഡി ആരോപിച്ചിരുന്നു. 2024 മുതല്‍ നന്ദുലാലിന്റെ പേരിലുള്ള സിം വീണ ഉപയോഗിച്ചുവെന്നും ഇത് ഹവാല ഇടപാടിനുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചു എന്നാണ് ഇഡി സംശയിക്കുന്നത്. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് നാല് പേർക്കും നോട്ടീസ് നൽകിയത്.
