മാലിന്യത്തോടൊപ്പം മനുഷ്യമൂത്രം കുപ്പിയിലാക്കി തള്ളിയ സംഭവം; സ്ഥാപനത്തിനെതിരെ പീരുമേട് പഞ്ചായത്ത് പോലീസിൽ പരാതി നൽകി

​പീരുമേട്: പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യത്തോടൊപ്പം സ്ഥിരമായി മനുഷ്യമൂത്രം കുപ്പിയിലാക്കി തള്ളിയ സംഭവത്തിൽ സ്വകാര്യ സ്ഥാപനത്തിനെതിരെ പീരുമേട് പഞ്ചായത്ത് സെക്രട്ടറി പീരുമേട് പോലീസിൽ പരാതി നൽകി.
​പാമ്പനാർ ടൗണിലും കടകളിലും നിന്നും പഞ്ചായത്ത് ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്ന മാലിന്യത്തോടൊപ്പമാണ് കുപ്പികളിലാക്കിയ നിലയിൽ മനുഷ്യമൂത്രം കണ്ടെത്തിയത്. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിൽ വനിതാ തൊഴിലാളികൾ അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ ഏകദേശം 120-ഓളം കുപ്പികൾ കണ്ടെത്തിയത്.
​തുടർന്ന് പഞ്ചായത്ത് നടത്തിയ പരിശോധനയിൽ ബുധനാഴ്ച രാവിലെ ശേഖരിച്ച മാലിന്യത്തിൽ നിന്നും സമാനമായ കുപ്പികൾ ലഭിക്കുകയും, ഇത് പാമ്പനാറിൽ പ്രവർത്തിക്കുന്ന ‘ജിയോടെക്ക്’ എന്ന സ്ഥാപനത്തിൽ നിന്നാണ് കയറ്റി വിടുന്നതെന്ന് വ്യക്തമാവുകയും ചെയ്തു. ഇക്കാര്യം അന്വേഷിച്ച പഞ്ചായത്ത് ജീവനക്കാരോട് സ്ഥാപന ഉടമയുടെ ഭാര്യ പരിഹാസരൂപേണ പെരുമാറിയതായും പരാതിയിൽ പറയുന്നു.
​ശുചീകരണ തൊഴിലാളികൾക്ക് നേരെയുള്ള കടുത്ത അവഹേളനവും ഗുരുതരമായ നിയമലംഘനവുമായ ഈ പ്രവൃത്തിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് സെക്രട്ടറി പീരുമേട് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *