വംശീയ ഭരണകൂടത്തിനെതിരെ രാജ്യത്ത് ഉയർന്നുവന്ന ജനാധിപത്യ പോരാട്ടത്തെ ശക്തിപ്പെടുത്തും – റസാഖ് പാലേരി

• വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം നവംബർ 21 മുതൽ എറണാകുളത്ത്

എറണാകുളം: രാജ്യത്തെ മുഴുവൻ ജനാധിപത്യ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തി ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന വംശീയ ഭരണകൂടത്തിനെതിരെ രാജ്യത്തെ യുവാക്കളും രാഷ്ട്രീയ – സാമൂഹിക പ്രസ്ഥാനങ്ങളും നടത്തിവരുന്ന ജനാധിപത്യ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിലെ പ്രധാന രാഷ്ട്രീയ ചർച്ച ഇതായിരിക്കും. എറണാകുളത്ത് നടന്ന മീറ്റ് ദി പ്രസിൽ വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പരിപാടികൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക നീതിക്കുവേണ്ടിയുള്ള വെൽഫെയർ പാർട്ടിയുടെ ജനകീയ പോരാട്ടങ്ങൾക്ക് 15 വർഷം പൂർത്തിയാവുകയാണ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വംശീയ ഉന്മൂലന ശ്രമങ്ങളിൽ നീതി നിഷേധിക്കപ്പെടുന്ന മുസ്ലിം – ദളിത്, ആദിവാസി, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും ഇതര ജനവിഭാഗങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളാൽ നിറഞ്ഞതായിരുന്നു പാർട്ടി പിന്നിട്ട വർഷങ്ങൾ. ഭരണകൂടങ്ങളുടെ തെറ്റായ നയ സമീപനങ്ങളുടെയും ഭരണനടപടികളുടെയും ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം പാർട്ടിയുടെ പ്രധാന പ്രവർത്തന മേഖലയാണ്. സാമ്പത്തിക ശക്തികളുടെ താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകി സാധാരണ ജനങ്ങളെ മറന്നു പോകുന്ന പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടുകളിൽ നിന്ന് ഭിന്നമായി ജനപക്ഷത്ത് നിലയുറപ്പിച്ചു കൊണ്ടാണ് പാർട്ടി മുന്നോട്ട് പോകുന്നത്. ഈ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്തു പകരുന്നതാകും പാർട്ടിയുടെ നാലാം സംസ്ഥാന സമ്മേളനം. നവംബർ 21 മുതൽ 23 വരെ എറണാകുളം ടൗൺഹാളിലാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. 3 ദിവസമായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ രാഷ്ട്രീയ സംഘടന ചർച്ചകൾക്ക് പുറമേ പുതിയ സംസ്ഥാന കമ്മിറ്റിയുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പും നടക്കും. നവംബർ 23-ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ കമ്മിറ്റിയെയും ഭാരവാഹികളെയും പ്രഖ്യാപിക്കും.

രാജ്യത്തെ വംശീയാധിപത്യത്തിത്തിന് കീഴിലാക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ മുഖ്യാതിഥികളായി എത്തും. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ ജനങ്ങളെ പുറന്തള്ളാനുള്ള ആർഎസ്എസ് ഭരണകൂടത്തിനെതിരായ പ്രതിഷേധ വേദിയായി സമ്മേളനം മാറും.

2011 ഏപ്രിൽ 18-ന് രൂപീകരിക്കപ്പെട്ട വെൽഫെയർ പാർട്ടി ഇന്ത്യയിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റം ലക്ഷ്യം വെച്ചാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഭൂരഹിതർക്ക് ഭൂമിയും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കണമെന്ന ആവശ്യവുമായി സംഘടിപ്പിച്ച ഭൂസമരങ്ങൾ, പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കായുള്ള സംവരണ പ്രക്ഷോഭങ്ങൾ, ജാതി സെൻസസ് ആവശ്യപ്പെട്ടുള്ള സമരങ്ങൾ, ഭരണകൂടം ഇരകളാക്കുന്ന മനുഷ്യർക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ, വികസനത്തിന്റെ പേരിൽ ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ തകർക്കുന്ന ഭരണ നടപടികൾക്കെതിരായ പ്രക്ഷോഭങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ തുടങ്ങിയവ പാർട്ടിയുടെ രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായ സാഹോദര്യം വെൽഫെയർ പാർട്ടിയുടെ പോരാട്ടത്തിന്റെ ഊർജ്ജമാണ്. ഇന്ത്യയിലെ വ്യത്യസ്ത ജാതി, സമുദായ വിഭാഗങ്ങൾക്ക് വിഭവ വിതരണത്തിലെ നീതി ഉറപ്പാക്കുക എന്ന അടിസ്ഥാന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള ഇടപെടലുകൾക്ക് പാർട്ടിയുടെ രൂപീകരണ നാൾ മുതലുള്ള ചരിത്രമുണ്ട്. പൗരത്വ നിയമ ഭേദഗതി (CAA), ദേശീയ പൗരത്വ രജിസ്റ്റർ (NRC) എന്നിവയ്ക്കെതിരായ പ്രക്ഷോഭത്തിൽ നടത്തിയ കേരള ഹർത്താൽ, 2020 ഫെബ്രുവരിയിൽ തിരുവനന്തപുരം രാജ്ഭവന് മുന്നിൽ ഷഹീൻ ബാഗ് സമരവുമായി ബന്ധപ്പെട്ട പോരാളികളുടെയും വിവിധ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ‘ഒക്കുപൈ രാജ്ഭവൻ’ രാപ്പകൽ ഉപരോധ സമരം എന്നിവ ദേശീയ ശ്രദ്ധ നേടിയിരുന്നു. ബുൾഡോസർ രാജ്, ഡൽഹി വംശഹത്യ, ഇസ്ലാമോഫോബിയ, എസ്ഐആർ എന്നിവക്കെതിരെ നടത്തിയ ഇടപെടലുകളും സമരങ്ങളും പാർട്ടിയുടെ രാഷ്ട്രീയ നിലപാടിന്റെ തുടർച്ചയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്വീകരിച്ച നിലപാട് ജനാധിപത്യ സമൂഹം ഏറ്റെടുക്കുന്ന ജനവിധിയാണ് കേരളത്തിൽ ഉണ്ടായത്. കേരളത്തിൽ സംഘപരിവാറിന് കളമൊരുക്കുന്ന ഇടതുപക്ഷത്തിന്റെ തെറ്റായ സമീപനത്തെ കുറിച്ച് പാർട്ടി ഉയർത്തിയ ആശങ്ക കേരളീയ ജനത ഗൗരവത്തോടെയാണ് കണ്ടത്. വോട്ടവകാശവും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും അട്ടിമറിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ തെരുവിൽ ചോദ്യം ചെയ്യുന്ന പ്രക്ഷോഭത്തിൽ വെൽഫെയർ പാർട്ടി നേതൃപരമായ പങ്കാണ് വഹിച്ചത്. ഡൽഹിയിലെ എസ്ഐആർ പ്രക്ഷോഭത്തിൽ പാർട്ടിയുടെ ദേശീയ – സംസ്ഥാന നേതാക്കൾ അറസ്റ്റ് വരിച്ചു പ്രക്ഷോഭത്തിന് കരുത്തേകി.

പാർട്ടിയുടെ ഒന്നര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ പോരാട്ടങ്ങളുടെ അതിശക്തമായ തുടർച്ചയായിരിക്കും എറണാകുളത്ത് നടക്കുന്ന നാലാം സംസ്ഥാന സമ്മേളനം. ഗുജറാത്ത് കലാപത്തിലെ ജീവിക്കുന്ന രക്തസാക്ഷി ബൽക്കീസ് ബാനു സമ്മേളനത്തിന്റെ മുഖ്യാതിഥിയാണ്. ഇന്ത്യയെ ഹിന്ദുത്വവൽക്കരിക്കാനുള്ള സംഘ്പരിവാറിന്റെ പരീക്ഷണ ശാലയായിരുന്ന ഗുജറാത്ത് കലാപത്തിൽ ഹിന്ദുത്വ ഭീകരവാദികളുടെ അതിക്രൂര പീഡനങ്ങളെ അതിജീവിച്ച് പോരാട്ടം നടത്തി കൊണ്ടിരിക്കുന്ന ബൽക്കീസ് ബാനു രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് നൽകുന്ന ഊർജ്ജം വളരെ വലുതാണ്. മുസ്ലിം വംശഹത്യക്ക് കളമൊരുക്കാൻ സംഘപരിവാർ തീവ്ര ശ്രമങ്ങൾ നടത്തുന്ന വർത്തമാന കാലത്ത് ബൽക്കീസ് ബാനുവിന്റെ കേരള സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്.

നവംബർ 21 രാവിലെ 10 മണിക്ക് ടൗൺഹാളിൽ പതാക ഉയർത്തി ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ബൽക്കിസ് ബാനു പങ്കെടുക്കും. പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. റഈസുദ്ദീൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജന്തർ മന്തർ പ്രക്ഷോഭത്തിലെ സമര നായികയും വിദ്യാർഥി നേതാവുമായ ഹൈഫ ഷഫീഖ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

മോദി ഭരണകൂടത്തിന്റെ ജനാധിപത്യ അട്ടിമറിയായ എസ്ഐആറിനെതിരെ നടക്കുന്ന ജെൻസി പോരാട്ടങ്ങൾക്ക് ആവേശം പകർന്ന ഭോജ്പുരി ഗായികയും രാഷ്ട്രീയ ആക്ഷേപഹാസ്യ ഗാനങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയ കലാകാരിയുമായ നേഹ സിംഗ് റാത്തോർ 23-ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കും. ബിജെപി സർക്കാറിന്റെ ജനദ്രോഹ നടപടികളെ സാമൂഹ്യ മാധ്യമത്തിലൂടെ ചോദ്യം ചെയ്തതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ഉൾപ്പെടെയുള്ള പോലീസ് നടപടികൾക്ക് വിധേയയായ വ്യക്തിത്വം കൂടിയാണ് നേഹ സിംഗ് രാത്തോർ. സംസ്ഥാന സമ്മേളനത്തിൽ ദേശീയ വൈസ് പ്രസിഡന്റുമാരായ രവി ശങ്കർ ത്രിപാഠി, ഹമീദ് വാണിയമ്പലം, ദേശീയ ട്രഷറർ അത്തീഖ് റഹ്മാൻ, തമിഴ്നാട് & കർണാടക സംസ്ഥാനങ്ങളിലെ പാർട്ടി നേതാക്കൾ, സംസ്ഥാന നേതാക്കൾ എന്നിവർ സംസാരിക്കും.

എസ്ഐആറിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ‘ഇലക്ടറൽ ജെനോസൈഡിനെ’ മുൻനിർത്തി രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യുന്ന സെമിനാർ നവംബർ 22-ന് വൈകുന്നേരം 4 മണിക്ക് ടൗൺ ഹാളിൽ നടക്കും. സെമിനാറിൽ സംസ്ഥാന ഗതാഗത മന്ത്രി സി.പി ജോൺ, എറണാകുളം എം.പി ഹൈബി ഈഡൻ, മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, കവി സച്ചിദാനന്ദൻ, മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ, നടി ജോളി ചിറയത്ത്, ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട്, ആദിവാസി നേതാവ് സി.കെ.ജാനു, എഡിഎഫ് വർക്കിംഗ് പ്രസിഡന്റ് കെ അംബുജാക്ഷൻ, ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി കടക്കൽ ജുനൈദ്, നാഷണൽ ലീഗ് നേതാവ് എ. പി അബ്ദുൽ വഹാബ്, ലക്ഷ്മി പ്രഭ സ്നേഹ ലത, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, ട്രഷറർ സജീദ് ഖാലിദ്, സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി എന്നിവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ
റസാഖ് പാലേരി (സംസ്ഥാന പ്രസിഡന്റ്)
പ്രേമ ജി പിഷാരടി (സംസ്ഥാന സെക്രട്ടറി)
നാസർ കീഴുപറമ്പ് (സംസ്ഥാന സെക്രട്ടറി)
കെ. എം ഷെഫ്റിൻ (ജില്ലാ പ്രസിഡന്റ്)

2026 നവംബർ 18 ബുധൻ
എറണാകുളം

കൂടുതൽ വിവരങ്ങൾക്ക്

ആദിൽ അബ്ദുൽ റഹിം
+91 9895 550 436
സംസ്ഥാന മീഡിയ കോഡിനേറ്റർ

Leave a Reply

Your email address will not be published. Required fields are marked *