ദോഹ: മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ പൊതുകൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ഖത്തർ നാഷണൽ ഡേയോടനുബന്ധിച്ചു മൂന്ന് മാസം നീണ്ടുനിൽക്കുന്ന രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി അൽ സ്വയിദി ഗ്രൂപ്പിന് കീഴിലുള്ള ജീമാക്സ് ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ തുമാമ മാളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറോളം പേർ രക്തദാനം നടത്തി പങ്കെടുത്തു.
ഒക്ടോബറിൽ ആരംഭിച്ച മൂന്ന് മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഖത്തറിലെ വിവിധ സ്ഥാപനങ്ങളുമായും ഡോം ഖത്തറിന്റെ വിവിധ വിങ്ങുകളുമായും സഹകരിച്ച് നിരവധി രക്ത-പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പുകളാണ് വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചുവരുന്നത്. ജീവൻ രക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ മുന്നേറുന്ന ഈ ക്യാമ്പയിൻ സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നു.
ഡയസ്പോറ ഓഫ് മലപ്പുറം പ്രസിഡന്റ് ഉസ്മാൻ കല്ലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചീഫ് അഡ്വൈസർ മശ്ഹൂദ് തിരുത്തിയാട്, രക്ഷാധികാരി ഡോ. ഹംസ അൽ സുവൈദ (മാനേജിങ് ഡയറക്ടർ ജീമാക്സ്), സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റുമാരായ സലിം, റോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് സ്വാഗതം ആശംസിച്ചു. സെക്രട്ടറി യൂസഫ്, രാഹുൽ ശങ്കർ, ജീമാക്സ് ഹൈപ്പർമാർക്കറ്റിനെ പ്രതിനിധീകരിച്ച്
ഡയറക്ടർമാരായ ഫൈസൽ റസാക്ക്, റൈഹാനത്ത് ഹംസ, മിഷുവൽ നാസർ, ശൈഹ ഹംസ, മാർക്കറ്റിങ് ലീഡ് കിഷോർ കൃഷ്ണ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. നിയാസ് കൈപ്പങ്ങൽ, അനീസ് കെ ടി, അനീഷ് പി കെ, തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
ഡോം ഖത്തർ കമ്മ്യൂണിറ്റി ഹെൽത്ത് ആൻഡ് വെൽബീയിംഗ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിന് വിങ് ചെയർമാൻ പിസി നൗഫൽ കട്ടപ്പാറ നേതൃത്വം നൽകി. ഖത്തറിന്റെ ചരിത്രത്തിൽ ശ്രദ്ധേയമായ രീതിയിൽ മുന്നേറുന്ന ഈ രക്തദാന ക്യാമ്പയിൻ ജീവൻ രക്ഷിക്കാനുള്ള മഹത്തായ സാമൂഹിക പ്രവർത്തനമാണെന്നും, ഇതിന്റെ ഭാഗമാകാനും നേതൃത്വം നൽകാനും കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രക്തദാനത്തിലൂടെ മാനവികതയും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കുന്ന ഡോം ഖത്തറി-ന്റെ ഈ ക്യാമ്പയിൻ ഡിസംബർ വരെ വിവിധ കേന്ദ്രങ്ങളിൽ തുടരും.
