കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന മീറ്റർ റീഡർമാരുടെ സമരം നേരിടാൻ സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി). ജോലിയിൽ പ്രവേശിക്കാത്തവരുടെ കരാർ അവസാനിപ്പിക്കണമെന്ന് കാണിച്ച് ബോർഡ് ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ സർക്കുലർ നൽകി.
ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കൾക്ക് ബിൽ നൽകാനാണ് നിർദേശം. സ്വയം മീറ്റർ റീഡിങ് നടത്താൻ അപേക്ഷ നൽകുന്ന ഉപഭോക്താക്കൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകും. മീറ്റർ റീഡർമാർക്ക് നൽകിയ യന്ത്രങ്ങൾ മടക്കിവാങ്ങാനും നിർദേശിച്ചു.
1800ഓളം മീറ്റർ റീഡർമാരാണ് അഞ്ച് ദിവസമായി സമരം തുടരുന്നത്. ഉപഭോക്താക്കൾക്ക് ബിൽ നൽകുന്നതടക്കം മുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവരുടെ സംഘടനകളുമായി കെ.എസ്.ഇ.ബി ഡയറക്ടർമാർ ചർച്ച നടത്തിയെങ്കിലും ധാരണയായില്ല.
വേതനം വർധിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് ബോർഡ്. വീടുകളിലെയും സ്ഥാപനങ്ങളിലെയും കണക്റ്റഡ് ലോഡ് സംബന്ധിച്ച പരിശോധനക്ക് പ്രത്യേക ആനുകൂല്യം നൽകാമെന്നും ഉറപ്പു നൽകിയിരുന്നു. ധാരണയാകാത്ത സാഹചര്യത്തിൽ സമരം തുടരുകയാണ്.
