മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിനിടെ സംഘർഷം. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, ബൃന്ദ കാരാട്ട്, പി.ബി. അംഗങ്ങൾ, കേരളത്തിൽനിന്നുള്ള എം.പിമാർ ഉൾപ്പെടെയുള്ളവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എ.എ. റഹീം, ജെയ്ക് സി. തോമസ് എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ ഒരു സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുമ്പോൾ മറ്റുള്ളവര്‍ ജന്തർ മന്തറിലേക്ക് വീണ്ടും പ്രതിഷേധത്തിനെത്തുന്നുണ്ട്.
തങ്ങളെയല്ല, ഗ്യാനേഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് നേതാക്കൾ പ്രതികരിച്ചു. ആളുകളുടെ വോട്ടുകൾ വെട്ടിക്കുറച്ച ക്രിമിനൽ പ്രവർത്തനത്തിന് ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് എം.എ. ബേബി പറഞ്ഞു. സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ ഇടതു സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കേരളത്തിൽ നിന്നുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകർ മാർച്ചുമായി ജന്തർ മന്തറിലേക്ക് എത്തിയതോടെയാണ് പൊലീസ് മാർച്ച് തടഞ്ഞത്. ജന്തർ മന്തറിലേക്കെത്തിയ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റാനുള്ള ശ്രമം പൊലീസ് നടത്തി. തുടർന്ന് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
